Latest NewsNationalPoliticsUncategorized

തൃണമൂൽ നേതാവിന്റെ വീട്ടിൽ നിന്നും പിടികൂടിയത് നാല് വോട്ടിംഗ് യന്ത്രവും വിവിപാ‌റ്റും; പോൾ ഓഫീസർക്ക് സസ്‌പെൻഷൻ

കൊൽക്കത്ത: ഇന്ന് മൂന്നാംഘട്ട പോളിംഗ് നടക്കുന്ന പശ്‌ചിമ ബംഗാളിലെ ഉളൂബേരിയ നോർത്ത് നിയോജകമണ്ഡലത്തിലെ ഒരു തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും നാല് വീതം വോട്ടിംഗ് യന്ത്രങ്ങളും വിവിപാ‌റ്റ് യന്ത്രങ്ങളും പിടികൂടി. മണ്ഡലത്തിലെ തുൾസിബേരിയയിലാണ് സംഭവം. തൃണമൂൽ നേതാവ് ഗൗതം ഘോഷിന്റെ വീട്ടിൽ നിന്നാണ് വോട്ടിംഗ്, വിവിപാ‌റ്റ് യന്ത്രങ്ങൾ പിടിച്ചെടുത്തത്.

ഇലക്ഷനുള‌ള യന്ത്രങ്ങളുമായി ബൂത്തിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. അപ്പോഴേക്കും സുരക്ഷാ സേന ഉദ്യോഗസ്ഥർ ഉറങ്ങിയിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ എത്തി അവിടെ തങ്ങുകയായിരുന്നുവെന്നും ബന്ധു അബദ്ധവശാൽ തൃണമൂൽ നേതാവായിപ്പോയെന്നുമാണ് ഇലക്ഷൻ ഡ്യൂട്ടിയ്‌ക്ക് വന്ന പോൾ ഓഫീസർ പറയുന്ന കാരണം.

ഇലക്ഷൻ ഡ്യൂട്ടി ബോർഡെഴുതിയ വാഹനം തൃണമൂൽ നേതാവിന്റെ വീടിനുമുന്നിൽ നിന്നും കണ്ടുകിട്ടിയെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ചിരൻ ബേര അഭിപ്രായപ്പെട്ടു. സ്ഥലത്തെത്തിയ നാട്ടുകാർ ഓഫീസറെ പിടികൂടി. പിന്നീട് പൊലീസെത്തി ലാത്തിചാർ‌ജ് നടത്തി നാട്ടുകാരെ തുരത്തിയ ശേഷമാണ് യന്ത്രങ്ങൾ തിരിച്ചെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാ‌റ്റിയത്.

പ്രധാന വകുപ്പുകൾ ചുമത്തി പോൾ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്നും ഇയാളെ സസ്‌പെൻഡ് ചെയ്‌തതായും പിടിച്ചെടുത്ത നാല് യന്ത്രങ്ങളും ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിയതായും ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. സംഭവത്തിൽ ഇലക്ഷൻ കമ്മിഷൻ വിശദമായ അന്വേഷണം നടത്തണമെന്നും ഇത് സാധാരണ കു‌റ്റകൃത്യമല്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാദവേക്കർ അഭിപ്രായപ്പെട്ടു.

ബംഗാളിൽ 31 മണ്ഡലങ്ങളിലാണ് മൂന്നാംഘട്ട പോളിംഗ് നടക്കുന്നത്. കടുത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. എല്ലാ മണ്ഡലങ്ങളും പ്രശ്‌നബാധിതമെന്നാണ് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button