Kerala NewsLatest NewsPoliticsUncategorized

നേമത്ത് ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യിപ്പിച്ച്​ ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്തിന്റെ മണ്ണിന് ചുവപ്പിനോടുള്ള ആഭിമുഖ്യം നഷ്ടപ്പെട്ടില്ലെന്ന് തെളിയിച്ച്‌ വി. ശിവന്‍കുട്ടി ഒരിക്കല്‍ കൂടി വിജയിച്ചു. 5750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്​ വിജയം. കഴിഞ്ഞ തവണ ഒ. രാജഗോപാലിലൂടെ ബി.ജെ.പി ആദ്യമായി കേരള നിയമസഭയില്‍ ഇടംപിടിച്ച മണ്ഡലത്തില്‍ തൊട്ടടുത്ത അവസരത്തില്‍തന്നെ അക്കൗണ്ട്​ ‘ക്ലോസ്​’ ചെയ്​താണ്​​ ശിവന്‍കുട്ടി താരമായത്​. 2011ല്‍ എം.എല്‍.എയായ ശിവന്‍കുട്ടി 2016ല്‍ പരാജയപ്പെട്ടങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ച്‌ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വീണ്ടും നിയമസഭയിലേക്ക് എത്തിച്ചിട്ടുള്ളത്. ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലത്തില്‍ കരുത്തരായ യു.ഡി.എഫിെന്‍റ കെ. മുരളീധരനെയും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ഈ ജയം നേടിയതെന്നതും ഏറെ ശ്രദ്ധേയം.

പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളില്‍ വലിയൊരു ശതമാനം ലഭിച്ചതും എല്‍.ഡി.എഫിന് തുണയായി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് വര്‍ധനയുള്‍പ്പെടെ ഇൗ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. മിക്ക നഗരസഭാ വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുള്ള വോട്ട് വിഹിതത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. മണ്ഡലത്തിലെ മുന്‍ എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്‍ മേലുള്ള വോട്ടര്‍മാര്‍ക്കുള്ള വിശ്വാസവുമാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ സഹായകമായത്​.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ്. നിലവിലെ കിലെ ചെയര്‍മാന്‍. എസ്.എഫ്‌.ഐ മുന്‍ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്നു. 2006 ല്‍ തിരുവന്തപുരം ഇൗസ്റ്റിനെയും 2011 ല്‍ നേമത്തെയും നിയമസഭയില്‍ പ്രതീനിധീകരിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗം, ഭവനം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്, ഓള്‍ ഇന്ത്യാ മേയേഴ്‌സ് കമ്മിറ്റി മുന്‍ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എസ്.സി അംഗം ആര്‍. പാര്‍വതിദേവിയാണ് ഭാര്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button