താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയിൽ

എംഡിഎംഎ കേസിലെ പ്രതിയായ തിരൂരങ്ങാടി സ്വദേശി ഷഫീക്ക്, താമരശ്ശേരി ചുരത്തിൽ നിന്ന് ചാടിയതിന് ഒരുദിവസത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. ഇന്ന് രാവിലെ പരിക്കേറ്റ നിലയിൽ ഷഫീക്ക് നടന്നുപോകുന്നത് കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഷഫീക്കിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഗോവിന്ദച്ചാമിയുടെ ജയിൽചാടലിനെ തുടർന്ന് ശക്തമാക്കിയ പരിശോധനയ്ക്കിടെയാണ്, ഷഫീക്കിനെ കാറിൽ എംഡിഎംഎയുമയി പൊലീസ് പിടികൂടുന്നത്. പൊലീസ് പിടികൂടിയതിനു പിന്നാലെ ഇയാൾ ഇന്നലെ താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവ് വ്യൂ പോയിന്റിന് സമീപത്തെ കൊക്കയിലേക്ക് ചാടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ്, ഫയർഫോഴ്‌സ് സംഘം ചേർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഷഫീക്കിനെ ഉടൻ കണ്ടെത്താനായിരുന്നില്ല. 90 ഗ്രാം എംഡിഎംഎയുമായി മുമ്പ് പൊലീസ് പിടികൂടിയ ഷഫീക്ക്, ആ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയായിരുന്നു. വീണ്ടും മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരിക്കെ പൊലീസ് പിടികൂടാൻ ശ്രമിച്ചതോടെയാണ് ഇയാൾ രക്ഷപ്പെടാൻ ചുരത്തിൽ നിന്ന് ചാടിയത്. പരിക്കേറ്റ നിലയിലുള്ള ഷഫീക്ക് ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
Tag: Accused in MDMA case who jumped from Thamarassery Churam view point arrested