ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു; തെരുവ് നായകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം
ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ 41-കാരന്‍ രാജേഷ് സക്രിയയെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ പോലീസ് ചോദ്യം ചെയ്യുകയാണെന്നും ഇയാളുടെ കുടുംബത്തോടും ഇതുസംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുന്നുണ്ടെന്നും കമ്മീഷണര്‍ എസ്.ബി.കെ സിംഗ് അറിയിച്ചു.
നായകളോടുള്ള അമിതമായ സ്‌നേഹമാണ് മകന്‍ ഇത്തരത്തിലേക്ക് വഴുതിപ്പോയതിന് കാരണമെന്ന് പ്രതിയുടെ അമ്മ ഭാനു മാധ്യമങ്ങളോട്. തെരുവ് നായകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ രാജേഷ് അസ്വസ്ഥനായിരുന്നുവെന്നും ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് പോയെന്നും അമ്മ വിശദീകരിച്ചു.
ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി രേഖ ഗുപ്ത തന്റെ സിവില്‍ ലൈന്‍സ് വസതിയില്‍ നടത്തിയ ‘ജനസുന്വായ്’ യോഗത്തിനിടെയാണ് ആക്രമണം നടന്നത്. സാക്ഷികളുടെ മൊഴിപ്രകാരം, ചില രേഖകളുമായി മുഖ്യമന്ത്രിയെ സമീപിച്ച രാജേഷ് അപ്രതീക്ഷിതമായി ബഹളം വയ്ക്കുകയും പിന്നീട് ആക്രമണം നടത്തുകയും ചെയ്തു. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും ചിലര്‍ അവകാശപ്പെട്ടെങ്കിലും അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി.
സംഭവം രാഷ്ട്രീയ വിവാദത്തിനും വഴി വെച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന സംശയമാണ് ബിജെപി ഉന്നയിച്ചത്. “മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ എതിരാളികള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. ഇതിന് പിന്നിലെ ശക്തികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നു,” എന്നാണ് ഡല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറയുന്നത്.
അതേസമയം, ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി ആക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു. “വിയോജിപ്പിനും പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ സ്ഥലം ഉണ്ടെങ്കിലും അക്രമത്തിന് ഒരിക്കലും സ്ഥാനമില്ല. കുറ്റക്കാരെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പൂര്‍ണ്ണമായും സുരക്ഷിതയാണ്,” എന്നാണ് അവരുടെ പ്രതികരണം.
Tag: Accused who attacked Delhi CM identified; Family says he was upset over decision to shift stray dogs to shelters