Kerala NewsLatest News

സാമാന്യബോധമില്ലേ..നിങ്ങള്‍ മനുഷ്യനോ മൃഗമോ? സബ് ഇന്‍സ്പെക്ടറെ അധിക്ഷേപിച്ച്‌ ഡിസിപി എം ഹേമലത

കോഴിക്കോട്: സബ്‌ഇന്‍സ്‌പെക്ടറെ അധിക്ഷേപിച്ച്‌ ഡിസിപി എം ഹേമലത. മറ്റ് ഉദ്യോഗസ്ഥരെല്ലാം കേള്‍ക്കെ പരസ്യമായിട്ടായിരുന്നു എസ് ഐയെ ഡിസിപി അധിക്ഷേപിച്ചത്. നിങ്ങള്‍ക്ക് സാമാന്യ ബോധമില്ലേ… നിങ്ങളൊരു വിഡ്ഡിയാണോ.. നിങ്ങള്‍ മനുഷ്യന്‍ തന്നെയോ.. അതോ നിങ്ങളൊരു മൃഗമാണോ…. എന്നൊക്കെ അധിക്ഷേപിച്ചായിരുന്നു ഡിസിപിയുടെ പ്രകടനം. സബ് ഇന്‍സ്പെക്ടറെ വിഡ്ഡിയെന്ന് അധിക്ഷേപിക്കുകയും മൃഗത്തോട് ഉപമിക്കുകയും ചെയ്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്കെതിരെ പൊലീസ് സേനയില്‍ പ്രതിഷേധം ശക്തമാകുകയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന്‍ പരാതി ഡിസിപിക്കെതിരെ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസിപി എം ഹേമലതയില്‍ നിന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് വിശദീകരണം തേടി. വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 13 ന് രാവിലെയായിരുന്നു സംഭവം. പതിവായി നടക്കുന്ന പ്രതിദിന അവലോകന യോഗത്തിനിടെയാണ് കണ്‍ട്രോള്‍ റൂം എസ് ഐയ്ക്ക് നേരെ രൂക്ഷമായ ഭാഷയില്‍ ഡിസിപി അധിക്ഷേപം നടത്തിയത്.

ഫ്ളയിംഗ് സ്‌ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ വേണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് ഡിസിപിയെ പ്രകോപിതയാക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് പട്രോളിംഗ് വാഹനങ്ങളിലെല്ലാം എസ് ഐമാര്‍ വേണമെന്ന നിര്‍ദ്ദേശം പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് ചെവി കൊടുക്കാതെ മറ്റ് ഉദ്യോഗസ്ഥരെല്ലാം കേള്‍ക്കെ ഡിസിപി ഇദ്ദേഹത്തെ പരസ്യമായി അപമാനിക്കുകയായിരുന്നു.

ആളില്ലാത്തിനാലാണ് നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയാത്തതെന്നാണ് പൊലീസുകാര്‍ വ്യക്തമാക്കുന്നത്. ഒന്‍പത് ഫ്ളയിംഗ് സ്‌ക്വാഡുകള്‍ ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപത് വണ്ടികളാണ് ഓടുന്നത്. എന്നാല്‍ ആവശ്യത്തിന് പൊലീസുകാരില്ലാത്ത അവസ്ഥയാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ഡിസിപി അപമാനിക്കുകയായിരുന്നുവെന്നാണ് പൊലീസുകാര്‍ വ്യക്തമാക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതും ആത്മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ് മേലുദ്യോഗസ്ഥയുടെ നടപടിയെന്നും ഇവര്‍ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button