ഗൗതം ഗംഭീറിന്റെ സംഘടന അനധികൃതമായി കൊവിഡ് മരുന്ന് കൈവശം വച്ചെന്ന് റിപ്പോര്‍ട്ട്, ഉടന്‍ നടപടി
ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈസ്‌റ്റ് ഡല്‍ഹിയില്‍ നിന്നുളള ബിജെപി എംപിയുമായ ഗൗതംഗംഭീറിന് ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹിയുടെ കുരുക്ക്. ഗൗതംഗംഭീര്‍ ഫൗണ്ടേഷന്‍ കൊവിഡ് മരുന്നായ ഫാബിഫ്ളൂ അനധികൃതമായി കൈവശം വയ്ക്കുകയും കൊവിഡ് രോഗികളുടെ ഇടയില്‍
വിതരണം ചെയ്യുകയും ചെയ്‌തതായി ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുളള ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഫൗണ്ടേഷന് എതിരെ അധികം താമസിയാതെ നടപടികള്‍ എടുക്കുമെന്നും ഡ്രഗ് കണ്‍ട്രോളര്‍ കോടതിയെ അറിയിച്ചു.
ഡല്‍ഹി എംഎല്‍എ പ്രവീണ്‍കുമാറും സമാന കുറ്റകൃത്യം നടത്തിയിട്ടുളളതായി കണ്‍ട്രോളര്‍ കോടതിയെ ധരിപ്പിച്ചു. തുടര്‍നടപടികളുടെ റിപ്പോര്‍ട്ട് ആറ് ആഴ്‌ചകള്‍ക്കുളളില്‍ സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
രണ്ട് ദിവസം മുന്‍പ് ഈ കേസിന്റെ വാദം കേള്‍ക്കുമ്ബോള്‍ ഗംഭീറിന്റെ സംഘടനയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ഡ്രഗ്കണ്‍ട്രോളറെ കോടതി കഠിനമായി വിമര്‍ശിച്ചിരുന്നു.രാജ്യത്ത് കൊവിഡ് മരുന്നുകളുടെ ക്ഷാമം രൂക്ഷമായ അവസരത്തില്‍ ഗംഭീര്‍ ഫൗണ്ടേഷന് എങ്ങനെ ഇത്രയധികം മരുന്നുകള്‍ സംഭരിക്കുവാന്‍ സാധിച്ചുവെന്ന ചോദ്യത്തിന് രാജ്യത്ത് കൊവിഡ് മരുന്ന് ക്ഷാമം ഇല്ലെന്നായിരുന്നു കണ്‍ട്രോളര്‍ മറുപടി നല്‍കിയത്. ഇതിനെയാണ് കോടതി അന്ന് രൂക്ഷമായി വിമര്‍ശിച്ചത്.