Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധിയെ ചോദ്യം ചെയ്ത വൈദികനെതിരെ നടപടി

കൊച്ചി/ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ വൈദികനെതിരെ നടപടിയെടുക്കാൻ എറണാകുളം-അങ്കമാലി അതിരൂപതാ നേതൃത്വത്തിനോട് സിറോ മലബാർ സഭയുടെ നിർദ്ദേശം. കഴിഞ്ഞ ആറ് ദിവസങ്ങളായി നടന്നു വരുന്ന സിറോമലബാർ സിനഡിൽ ജോൺ പോൾ രണ്ടാമന്റെ വിശുദ്ധി സംബന്ധിച്ച് വൈദികൻ എഴുതിയ ലേഖനവും വിവാദ ഭൂമി ഇടപാടും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വൈദികനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടതിനൊപ്പം, വിവാദമായ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബിഷപ്പ് ആന്റണി കരിയിലിനോട് സിനഡ് ആവശ്യപ്പെട്ടിട്ടും ഉണ്ട്. നിലവിലുള്ള സഭാ പ്രബോധനങ്ങ ൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നിയമം അനുസരിച്ച് നടപടിയെടുക്കാൻ രൂപതാധ്യക്ഷന്മാർക്ക് സിനഡ് നിർദ്ദേശം നൽകുകയായിരുന്നു.

സത്യദീപത്തിൽ സിറോ മലബാർ സഭയുടെ മുൻ വക്താവ് ഫാ പോൾ തേലേക്കാട്ട്, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ തിടുക്കപ്പെട്ട് വിശുദ്ധനാക്കിയതുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുന്നത്. “ഫ്രാൻസിസ് മാർപ്പാപ്പയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ച മക്കാരിക്ക് റിപ്പോർട്ടിൽ ജോൺ പോൾ രണ്ടാമന്റെ പുണ്യത്തിന്റെ തട്ടിപ്പാണ് വെളിവാക്കുന്നത്. മരിച്ച് അഞ്ച് വർഷം കഴിയാതെ നാമകരണ നടപടികളുമായി മുന്നോട്ടു പോകരുത് എന്ന നിർദ്ദേശം അവഗണിച്ച് ആൾക്കൂട്ട ആരവത്തിന്റെ അടിസ്ഥാനത്തിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ആ വിശുദ്ധിയുടെ മേൽ നിഴൽ വീണിരിക്കുകയാണ്.” ഇതായിരുന്നു ലേഖനത്തിലെ മുഖ്യ പരാമർശം.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന സംഭവത്തിൽ മൂന്ന് വൈദികർക്കെതിരെയും നടപടിക്ക് സിനഡ് നിർദ്ദേശിക്കുകയുണ്ടായി. ഫാ ആന്റണി കല്ലൂക്കാരൻ, ഫാ പോൾ തേലേക്കാട്ട്, ബെന്നി മാറംപറമ്പിൽ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് സിനഡ് നിർദ്ദേശം ഉണ്ടായിരിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മെട്രോപോളിറ്റൻ വികാരി മാർ ആന്റണി കരിയിലിന് സിനഡ് നിർദ്ദേശം നൽകിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button