Kerala NewsLatest NewsPolitics

എറണാകുളത്ത് മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വന്നേക്കും

കൊച്ചി: ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പരാജയം സംഭവിച്ച മണ്ഡലങ്ങളിലെ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കും. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളുടെ ചുമതല വഹിച്ചിരുന്ന നേതാക്കള്‍ക്കെതിരെയാണ് നടപടി സാധ്യത നിലനില്‍ക്കുന്നത്. ഇവിടങ്ങളില്‍ സംഭവിച്ച തോല്‍വി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഗോപി കോട്ടമുറിക്കല്‍, കെ.ജെ. ജേക്കബ്, സി.എം. ദിനേശ്മണി, പി.എം. ഇസ്മായില്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ പാര്‍ട്ടി നിയോഗിച്ചിരുന്നു.

ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളുടെ വീഴ്ചകള്‍ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ. മണിശങ്കര്‍, എന്‍.സി. മോഹനന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ സി.എന്‍. സുന്ദരന്‍, വി.പി. ശശീന്ദ്രന്‍, പി.കെ. സോമന്‍, ഏരിയ സെക്രട്ടറിമാരായ പി. വാസുദേവന്‍, പി.എം. സലിം, ഷാജു ജേക്കബ്, കെ.ഡി. വിന്‍സെന്റ്് എന്നിവരോട് വിശദീകരണം പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 15ന് പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് നടപടിയെടുത്തേക്കുമെന്നാണ് അറിയുന്നത്.

തൃപ്പൂണിത്തുറയില്‍ എം. സ്വരാജിന്റെ തോല്‍വിയെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. പാര്‍ട്ടി വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ. എന്നാല്‍ ചിലര്‍ ഇവിടെ വേണ്ടപോലെ പ്രവര്‍ത്തിച്ചില്ലെന്നാണ് അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ട് ചോര്‍ച്ചയുണ്ടായി. അതുപോലെ തൃക്കാക്കരയില്‍ ഡോ. ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയിലെ പല നേതാക്കളും അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനു ലഭിച്ചതുമില്ല.

അതുപോലെ പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെതിരെ കൂത്താട്ടുകളും ഏരിയ സെക്രട്ടറി ഷാജു ജേക്കബ് വാട്‌സാപ്പ് പോസ്റ്റ് ഇട്ടത് ഗുരുതര വീഴ്ചയാണ്. പെരുമ്പാവൂരിലും പരാജയത്തിന് പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനത്തിലെ നിര്‍ജീവാവസ്ഥ കാരണമായി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്ത ജില്ല സെക്രട്ടറിയേറ്റിലും ജില്ല കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button