ഓപ്പറേഷൻ ‘നംഖോർ’ കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഉടൻ വിട്ടുകൊടുത്തേക്കില്ല

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഉടൻ വിട്ടുകൊടുത്തേക്കില്ല. പ്രാഥമിക പരിശോധനയിൽ വാഹനത്തിന്റെ രേഖകളിൽ സംശയാസ്പദമായ കാര്യങ്ങളുണ്ടെന്ന് കസ്റ്റംസ് വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദുൽഖർ സൽമാനെ നേരിട്ട് ഹാജരാക്കാനും കസ്റ്റംസ് സാധ്യത പരിശോധിക്കുന്നു.
വാഹനം വിട്ടുകൊടുക്കണമെന്ന ദുൽഖറിന്റെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും, അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ദുൽഖർ കസ്റ്റംസിന് അപേക്ഷ സമർപ്പിച്ചത്.
ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. എന്നാൽ വ്യക്തികളെ തെളിവില്ലാതെ കുറ്റപ്പെടുത്തരുതെന്നും, അത് നിയമപരമായി തെറ്റാണെന്നും ഹൈക്കോടതി കസ്റ്റംസിനോട് നിരീക്ഷിച്ചിരുന്നു.
രേഖകൾ ശരിയായി പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തതെന്നും, വാഹനം താൽക്കാലികമായി വിട്ടുനൽകണമെന്നും ദുൽഖറിന്റെ വാദം. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നൽകാമെന്നും അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ വിദേശത്ത് നിന്ന് കള്ളക്കടത്തായി കൊണ്ടുവന്നതാണെന്ന സംശയത്തെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
Tag: Actor Dulquer Salmaan’s Land Rover seized by customs in Operation ‘Namkhor’ may not be released anytime soon