ന്യൂഡല്‍ഹി: നടന്‍ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്. ലോക്ഡൗണ്‍ കാലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിച്ച് കൈയ്യടി നേടിയ സോനു പഞ്ചാബ് സര്‍ക്കാറിന്‍റെ കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായിരുന്നു.
‘കോവിഡ് -പോസിറ്റീവ്, മാനസികാവസ്ഥയും ആവേശവും – സൂപ്പര്‍ പോസിറ്റീവ്. ഹായ്, ഞാന്‍ കോവിഡ് ബാധിതനായ വിവരം അറിയിക്കുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞാന്‍ ക്വാറന്‍റീനില്‍ പ്രവേശിക്കുകയും വളരെയധികം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ വിഷമിക്കേണ്ട, ഇത് നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എനിക്ക് ധാരാളം സമയം നല്‍കുന്നു. ഓര്‍ക്കുക ഞാന്‍ എല്ലായ്പ്പോഴും നിങ്ങളുടെ കൂടെയുണ്ട്’ -സോനു സൂദ് എഴുതി.
ലോക്ഡൗണ്‍ സമയത്ത് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്ത സോനൂ സൂദ് കൈയ്യടി നേടിയിരുന്നു. കോവിഡ് ബാധിതനായ ശേഷവും കോവിഡ് രണ്ടാം തരംഗത്തിലും സഹജീവികള്‍ക്ക് സഹായവുമായി രംഗത്തുണ്ടാകുമെന്ന് അറിയിക്കുകയാണ് സോനു.
പാവപ്പെട്ടവരെയും അന്തര്‍സംസ്ഥാന തൊഴിലാളികളെയും സഹായിക്കുന്നതിനായി മുംബൈയിലുള്ള തന്‍റെ രണ്ട് കടകളും ആറ് ഫ്ലാറ്റുകളും വിറ്റ് താരം 10 കോടി രൂപ സമാഹരിച്ചിരുന്നു.
കോവിഡ് കാലത്ത് നടന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടി തെലങ്കാനയിലെ ഡബ്ബ ഗ്രാമത്തില്‍ അമ്ബലം വരെ പണിതിരുന്നു. സോനുവിനെ ആദരിക്കുന്നതിനായി സ്പൈസ്ജെറ്റ് കമ്ബനി പ്രത്യേക വിമാനം പുറത്തിറക്കിയിരുന്നു. സോനുവിന്‍റെ ചിത്രം ആലേഖനം ചെയ്ത ബോയിങ് 737 വിമാനമാണ് സ്പൈസ്ജെറ്റ് പുറത്തിറക്കിയത്.