ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നടൻ വിജയ്

തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നടൻ വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഈ നിർണായക പ്രമേയം പാസാക്കിയത്. എഐഎഡിഎംകെയുമായി സഖ്യം രൂപീകരിക്കാനുള്ള സാധ്യതകൾ തള്ളിയതിന് പിന്നാലെയാണ് വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചത്.
കരൂരിൽ നടന്ന ദുരന്തത്തിന് ശേഷം വിജയ്യുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും, പുതിയ പ്രഖ്യാപനം അതെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ്. വിജയ് തന്നെ മുഖ്യമന്ത്രിപദത്തിനുള്ള മുഖ്യപോരാളിയായി ഇറങ്ങുമെന്ന് ടിവികെയുടെ ജനറൽ ബോഡി വ്യക്തമാക്കിയതോടെ, 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത രാഷ്ട്രീയ പോരാട്ടം അരങ്ങേറും എന്നതാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
സെപ്റ്റംബർ 27-ന് കരൂരിൽ വിജയ് നയിച്ച റാലിയിൽ ഉണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. അതിനുശേഷം പാർട്ടി പ്രവർത്തനങ്ങൾ ദുർബലമായിരുന്ന സാഹചര്യത്തിൽ, 28 അംഗ നിർവാഹക സമിതി രൂപീകരിക്കുകയും, അതിനുശേഷമുള്ള ആദ്യ പ്രധാനയോഗമായിരുന്നു മഹാബലിപുരത്തെ കൗൺസിൽ. പാർട്ടിയുടെ ഭാവി ദിശയും സഖ്യരാഷ്ട്രീയ സാധ്യതകളും വിലയിരുത്തിയ ഈ യോഗം വിജയ് മുഖ്യമന്ത്രിപദാർഥിയായി ഉയരുന്ന വഴിയൊരുക്കി.
Tag: Actor Vijay is TVK’s CM candidate



