വിവാദങ്ങള്‍ക്ക് വിട; നടന്‍ ബാല വിവാഹിതനാകുന്നു.
ചെന്നൈ: തമിഴ് സ്വദേശിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ബാല. കഴിഞ്ഞ ദിവസം തമിഴ് സിനിമാ ചിത്രീകരണത്തിനിടെ ബാലയുടെ വലതു കണ്ണിന് പരിക്ക് സംഭവിച്ചത് വാര്‍ത്തയായിരുന്നു.
2010 ല്‍ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയുമായി താരത്തിന്റെ വിവാഹം നടന്നതും 2016 ല്‍ വിവാഹ ബന്ധം തകര്‍ന്നതും തുടര്‍ന്നുണ്ടായ വിവാദവും എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. അത്തരത്തില്‍ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ടായിരുന്നു.
എന്നാല്‍ വിവാദങ്ങളുടെ തിരശീല മാറ്റി താരം തന്നെ വിവാഹ വിവരം പുറത്തു വിട്ടിരിക്കുകയാണ്. ട്രൂ ലവ് ബിഗിന്‍സ് എന്നെഴുതി വധുവിന് ഒപ്പം ബാഡ്മിന്റണ്‍ കളിക്കുന്ന ചിത്രങ്ങള്‍ താരം തന്നെ പങ്കുവച്ചിരിക്കുകയാണ്. സെപ്തംബര്‍ 5 ന് വിവാഹം നടക്കും എന്ന സൂചനയും ബാല നല്‍കുന്നു. അതേസമയം അമൃതയുമായി വിവാഹ മോചനം നടന്നപ്പോള്‍ മുതല്‍ മറ്റൊരു പങ്കാളിയെ ബാല എന്ന് ജീവിതസഖിയാക്കും എന്ന ചോദ്യം ആരാധകരില്‍ നിന്നുമുണ്ടായിരുന്നു.
എന്നാല്‍ താന്‍ ഇപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം താരത്തിന് മകളോടുള്ള സ്‌നേഹം വിളിച്ചു പറയുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പലതും വിവാദവുമായി. അത്തരത്തില്‍ എന്താണ് മറ്റൊരു വിവാഹം കഴിക്കാത്തതെന്ന ചോദ്യത്തിനും ബാല മറുപടി പറഞ്ഞിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ ജീവിക്കുന്നത് ഒരു ബാച്ചിലര്‍ ലൈഫ് ആണ്. ഒരുപാട് ആളുകള്‍ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛന്‍ മരിക്കുന്നതിന് മുമ്പ്് അവസാനമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്, ഞാന്‍ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്.
എന്റെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എന്റെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാര്‍ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്.അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാന്‍. ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഒരു സന്തോഷകരമായ വാര്‍ത്ത പ്രതീക്ഷിക്കാം എന്നായിരുന്നു ബാല പറഞ്ഞത്.