നടി ആക്രമിക്കപ്പെട്ട കേസിൽ നിലവിലെ കോടതിയിൽനിന്നും ഇരക്ക് നീതി ലഭ്യമാകില്ല;കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

കൊച്ചിയിൽ വെച്ച് യുവ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹരജി ഫയൽ ചെയ്തു. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ പ്രോസിക്യൂഷൻ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
182ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.ഹരജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന