അടിമാലി മണ്ണിടിച്ചിൽ; വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍

ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചിലിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ വി. എം. ആര്യ ട്വന്റിഫോറിനോട് അറിയിച്ചു. മണ്ണിടിച്ചിലിന് പിന്നിലുള്ള കാരണം കണ്ടെത്തുന്നതിനുള്ള പരിശോധന ഇന്ന് ആരംഭിച്ചിട്ടുണ്ടെന്നും, ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്തിമ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം സമര്‍പ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ അടുത്ത രണ്ട് ദിവസത്തിനകം താല്‍ക്കാലികമായി പുനരധിവസിപ്പിക്കാനാണ് പദ്ധതി. ഇതിന് കെഎസ്ഇബിയുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാര്‍ട്ടേഴ്സുകളെ ഉപയോഗപ്പെടുത്തും. ആദ്യഘട്ടത്തില്‍ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങളെയും, തുടര്‍ന്ന് അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും മാറ്റി താമസിപ്പിക്കുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി.
ക്യാമ്പുകള്‍ എത്രയും വേഗം പിരിച്ചുവിട്ട് ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വീടുകള്‍ പൂര്‍ണമായി തകര്‍ന്നവരെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കുമെന്നും വി. എം. ആര്യ പറഞ്ഞു.
അതേസമയം, മണ്ണിടിച്ചിലുണ്ടായ അടിമാലി കൂമ്പന്‍പാറ പ്രദേശത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടന്നിരുന്നില്ലെന്ന് ദേശീയപാത അതോറിറ്റി (NHAI) വ്യക്തമാക്കി.
Tag: Adimali landslide; Detailed report will be submitted within two days, says Devikulam Sub-Collector



