keralaKerala NewsLatest News

അടിമാലി മണ്ണിടിച്ചിൽ; പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി

അടിമാലിയിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. മുട്ടിന് താഴെയായാണ് ശസ്ത്രക്രിയയിലൂടെ കാൽ നീക്കം ചെയ്തത്. ശസ്ത്രക്രിയയിൽ രക്തയോട്ടം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും മസിലുകൾ പൂർണ്ണമായും തകരാറിലായതിനാൽ കാൽ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ശസ്ത്രക്രിയ നടത്തിയത്.

അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) ജീവൻ നഷ്ടപ്പെട്ടിരുന്നു. സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷമാണ് ചികിത്സ പുരോഗമിക്കുന്നത്.

അപകട സാധ്യത കണക്കിലെടുത്ത് ബിജുവിനെയും ഉൾപ്പെടെ 22 കുടുംബങ്ങളെ മുൻകൂട്ടി മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ രാത്രി ഭക്ഷണം കഴിക്കാൻ ദമ്പതികൾ വീട്ടിലേക്ക് മടങ്ങിയതിനു 20 മിനിറ്റിനകം തന്നെ ദുരന്തം സംഭവിക്കുകയായിരുന്നു. രാത്രി 10.20നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിന്റെ ഫലമായാണ് ഈ ദുരന്തമുണ്ടായതെന്നാരോപണം പ്രദേശവാസികൾ ഉന്നയിച്ചു.

Tag: Adimali landslide; Injured Sandhya’s left leg amputated

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button