എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജിക്കെതിരെ പി.പി. ദിവ്യ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹർജിക്കെതിരെ പി.പി. ദിവ്യ. ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് യാഥാർത്ഥ്യ അടിസ്ഥാനമില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് പരിഗണിക്കുന്നത് 23-ാം തീയതിയിലേക്ക് മാറ്റി.
തുടരന്വേഷണം ആവശ്യപ്പെടുന്നത്, അന്വേഷണത്തിൽ പി.പി. ദിവ്യയുടെ നിരപരാധിത്വം തെളിഞ്ഞുപോകുമെന്ന ഭയത്തിലാണ് എന്ന് ദിവ്യയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് അനുകൂലമായ സാക്ഷിമൊഴികൾ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും, നിയമപരമായി നിലനിൽക്കാത്ത ഹർജിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതരമായ പിഴവുകളും പോരായ്മകളും ഉണ്ടെന്ന് അവര്‍ ആരോപിച്ചു. അവസാന റിപ്പോർട്ടിൽ പല രേഖകളും സാക്ഷിമൊഴികളും തെളിവുകളും മറച്ചുവെച്ചിട്ടുണ്ടെന്നും, പ്രതിയായ പി.പി. ദിവ്യയ്ക്ക് അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കിയെന്നും മഞ്ജുഷ ആരോപിച്ചു.
പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) അന്വേഷണം തൃപ്തികരമല്ലെന്നും, കുടുംബം ഉന്നയിച്ച കാര്യങ്ങൾ അവഗണിച്ചതായും ഹർജിയിൽ പറയുന്നു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകൾ അന്വേഷിച്ചില്ല, ദിവ്യയും പ്രശാന്തനും തമ്മിലുള്ള ഫോൺകോൾ, ചാറ്റ് രേഖകൾ പരിശോധിച്ചില്ല, ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനായില്ല എന്നതും ആരോപണങ്ങളിലുണ്ട്. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.
നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, SIT റിപ്പോർട്ടിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. കളക്ടറുടെ മൊഴിയിലും വൈരുധ്യം ഉണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഗൂഢാലോചന ഉൾപ്പെടെയുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണം അനിവാര്യമാണെന്ന് അഡ്വ. ജോൺ എഫ്. റാൽഫ് മുഖേന മഞ്ജുഷ കോടതിയെ സമീപിച്ചു.
Tag: ADM Naveen Babu’s death; P.P. Divya opposes petition seeking further investigation