അടഞ്ഞ മുറികളിൽകഴിയുന്നത് അപകടം: അന്തരീക്ഷത്തിൽ കലരുന്ന സൂക്ഷ്മ കണികകൾക്ക് 10 മീറ്റർ വരെ സഞ്ചരിക്കും; മുഖ്യശാസ്ത്ര ഉപദേശകൻ കെ.വിജയ് രാഘവൻ
ന്യൂ ഡെൽഹി: അടഞ്ഞ മുറികളിൽ കഴിയുന്നത് അപകടകാരികളായ വൈറസ് വായുവിലൂടെ പകർന് കാരണം ആകുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യശാസ്ത്ര ഉപദേശകൻ കെ.വിജയ് രാഘവൻ. അന്തരീക്ഷത്തിൽ കലരുന്ന സൂക്ഷ്മ കണികകൾക്ക് 10 മീറ്റർ വരെ സഞ്ചരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മുറികളിൽ ശുദ്ധവായു കടക്കുന്നതും ഫാനുകളുടെ ഉപയോഗവും ഇത് കുറയ്ക്കാൻ ഇടയാക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു.
കൊറോണ രോഗിയുടെ തുപ്പലോ മൂക്കിൽ നിന്നുള്ള സ്രവമോ നിലത്ത് വീഴുകയോ അന്തരീക്ഷത്തിൽ കലരുകയോ ചെയ്താൽ അവ പത്ത് മീറ്റർ വരെ സഞ്ചരിക്കാം. മുറികളിലെ വായു ശുദ്ധീകരിക്കാൻ വായുസഞ്ചാരം ഏർപ്പെടുത്തുന്നത് അപകടകാരിയായ ഈ വൈറസിന്റെ സാന്നിധ്യം കുറയ്ക്കാനും സഹായിക്കും.
വാക്‌സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും മാസ്‌ക്, സാമൂഹിക അകലം, തുറസ്സായ സ്ഥലങ്ങളിലുളള ജീവിതവും പാലിക്കണമെന്ന് വിജയ് രാഘവൻ പറഞ്ഞു. മുറികളിൽ ഫാൻ അനിവാര്യമാണ്. പക്ഷേ ദുഷിച്ച വായു മറ്റുള്ളവരിലേക്ക് എത്തുന്ന വിധത്തിൽ ഫാൻ പ്രവർത്തിപ്പിക്കരുത്. മുറിയുടെ വാതിലുകളും ജനാലകളും അടച്ചിട്ടാൽ എക്‌സോസ്റ്റ് ഫാനും പെഡസ്റ്റൽ ഫാനുകളും പ്രവർത്തിപ്പിക്കണം. മുറിയ്ക്കുള്ളിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യത ഇതുവഴി പരമാവധി കുറയ്ക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
തൊഴിലിടങ്ങളിൽ വാതിലുകളും ജനാലകളും പൂർണ്ണമായും തുറന്നിടണം. എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്നത് ശുദ്ധവായു പ്രവേശിച്ച് വൈറസ് സാന്നിധ്യമുള്ള വായുവിന്റെ സാന്ദ്രത കുറയ്ക്കും. പരമാവധി വായു സഞ്ചാരത്തിനൊപ്പം എക്‌സോസ്റ്റ് ഫാനുകൾ അധികമായി വയ്ക്കുന്നതും ഉചിതമാണെന്നും നിർദേശത്തിൽ പറയുന്നു.