‘ജലയുദ്ധത്തിന്’ ഒരുങ്ങി അഫ്ഗാനിസ്ഥാൻ ; കുനാർ നദിയിൽ ഒരു അണക്കെട്ട് നിർമ്മിക്കാൻ

ഡ്യുറന്റ് രേഖയിലെ മാരകമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പാകിസ്താനെതിരെ ‘ജലയുദ്ധത്തിന്’ ഒരുങ്ങുന്നു. പാകിസ്താനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കാബൂൾ നദിയുടെ പ്രധാന പോഷകനദിയായ കുനാർ നദിയിൽ ഒരു അണക്കെട്ട് നിർമ്മിക്കാൻ അഫ്ഗാനിസ്ഥാൻ പദ്ധതി പ്രഖ്യാപിച്ചു.
നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അഫ്ഗാൻ ജല- ഊർജ മന്ത്രാലയം സ്ഥിരീകരിച്ചതായി ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹാജർ ഫറാഹി അറിയിച്ചു. അഫ്ഗാനികൾക്ക് സ്വന്തം ജലം കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്നും, നിർമ്മാണത്തിന് വിദേശ കമ്പനികളേക്കാൾ ആഭ്യന്തര കമ്പനികൾക്കായിരിക്കും പ്രാമുഖ്യം നൽകുക എന്നും ഫറാഹി ‘എക്സി’ൽ കുറിച്ചു.
നേരത്തെ, താലിബാൻ ആർമി ജനറൽ മുബിൻ കുനാർ പ്രദേശം സന്ദർശിക്കുകയും, അണക്കെട്ട് നിർമ്മിക്കാൻ ഫണ്ട് ശേഖരിക്കണമെന്നും നിരവധി അണക്കെട്ടുകൾ നിർമ്മിക്കണമെന്നും കാബൂളിലെ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. “വെള്ളം അവരുടെ രക്തം പോലെയാണ്, ഇത് അവരുടെ സിരകളിലൂടെ ഒഴുകാൻ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ കൃഷിക്ക് നിർണായകമായ ജലസ്രോതസ്സാണ് കുനാർ നദിയുമായി ലയിക്കുന്ന കാബൂൾ നദി. 480 കിലോമീറ്റർ നീളമുള്ള കുനാർ നദി ഹിന്ദുക്കുഷ് പർവതനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പാകിസ്താനിൽ ഈ നദി ചിത്രാൽ നദി എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇരുപക്ഷത്തും നിരവധി പേർ കൊല്ലപ്പെട്ട സംഘർഷത്തെ തുടർന്നാണ്, കഴിയുന്നത്ര വേഗത്തിൽ കുനാർ നദിയിൽ അണക്കെട്ട് നിർമ്മിക്കാനുള്ള തീരുമാനം താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്‌സാദ എടുത്തത്.
അതേസമയം, കഴിഞ്ഞ ആഴ്ച താലിബാന്റെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുതഖി ഇന്ത്യ സന്ദർശിച്ച വേളയിൽ, ഹെറാത്ത് പ്രവിശ്യയിലെ ഒരു അണക്കെട്ടിന്റെ നിർമ്മാണത്തിനും പരിപാലനത്തിനുമുള്ള ഇന്ത്യൻ പിന്തുണയെ അഭിനന്ദിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ ഊർജ്ജ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കാർഷിക വികസനത്തെ പിന്തുണക്കുന്നതിനുമായി ജലവൈദ്യുത പദ്ധതികളിൽ സഹകരിക്കാൻ ഇന്ത്യ സമ്മതിച്ചുവെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തോടുള്ള പ്രതികരണമായി, ദീർഘകാലമായി നിലനിൽക്കുന്ന സിന്ധു നദീജല ഉടമ്പടിയുടെ ചില ഭാഗങ്ങൾ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 1960-ൽ ഒപ്പുവെച്ച ഈ ഉടമ്പടി ഇരു രാജ്യങ്ങൾക്കും ജലവിതരണം കൈകാര്യം ചെയ്യുന്നതിൽ നിർണായകമാണ്.
Tag: Afghanistan prepares for ‘water war’; to build a dam on Kunar River



