ദോഹയ്ക്ക് പിന്നാലെ യെമനിലും ഇസ്രായേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു, 130 പേർക്ക് പരിക്ക്
യെമന്റെ തലസ്ഥാനമായ സനയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ പ്രവിശ്യയായ അൽ- ജൗഫിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഹൂതികളുടെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഖത്തറിലെ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യെമനിലെയും ആക്രമണം നടന്നത്.
ഹൂതി കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, റെസിഡൻഷ്യൽ പ്രദേശങ്ങളിലേക്കും ബോംബാക്രമണം നടന്നുവെന്നും സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടുവെന്നുമാണ് യെമൻ സർക്കാർ ആരോപിക്കുന്നത്. അൽ- ജൗഫിന്റെ തലസ്ഥാനമായ അൽ-ഹസ്മിലെ ഒരു സർക്കാർ സ്ഥാപനത്തിലും, സനായയുടെ തെക്ക്- പടിഞ്ഞാറൻ ഭാഗത്തെ 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കൽ സ്ഥാപനത്തിലും ആക്രമണം നടന്നതായി യെമൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ- ജസീറ റിപ്പോർട്ട് ചെയ്തു.
സനായിലും അൽ- ജൗഫിലുമുള്ള ഹൂതി സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യവിവര ശേഖരണം, ഇസ്രായേലിനെതിരായ ആക്രമണങ്ങൾ തുടങ്ങിയവക്ക് നേതൃത്വം നൽകിയിരുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും, അവരുടെ പിആർ വിഭാഗവും ഇന്ധന സംഭരണ കേന്ദ്രവും തകർത്തുവെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം.
Tag: After Doha, Israeli attack in Yemen; 35 killed, 130 injured