ആളുമാറിക്കൊല, കൊല കഴിഞ്ഞ് പ്രതി മദ്യപിച്ച് മൃതദേഹത്തിന് അരികില്‍ കിടന്ന് ഉറങ്ങി

കൊല്ലം ജില്ലയിൽ തിരുവോണ നാളിൽ രാത്രി രണ്ട് വ്യത്യസ്ത കൊലപാതകങ്ങൾ അരങ്ങേറി. ആളുമാറിയാണ് ഒരു കൊലപാതകം നടന്നത്., കൊലക്ക് ശേഷം പ്രതി മദ്യപിച്ച് മൃതദേഹത്തിന് അരികില്‍ കിടന്ന് ഉറങ്ങി.
കൊല്ലം ജില്ലയിൽ തിരുവോണ ദിവസം അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാളകത്തും ചവറ തെക്കും ഭാഗത്തുമാണ് കൊലപാതകങ്ങൾ ഉണ്ടായത്. വാളകത്ത് നെയ്യാറ്റിൻകര സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. മൂന്നുപേർ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.
കൊല്ലത്ത് ആളുമാറി നടന്ന കൊലപാതകത്തിന് ചവറ തേവലക്കര ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായ രാജേന്ദ്രന്‍ പിള്ളയാണ് ഇരയായത്. രാജേന്ദ്രന്‍ പിള്ളയെ ആളുമാറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിയാണ് രാജേന്ദ്രൻ പിള്ളയെ കൊലപ്പെടുത്തിയിരിക്കുന്നത്. രാജേന്ദ്രന്‍ പിള്ളയുടെ മൃതദേഹം ഒരു തെങ്ങിന്‍ചുവട്ടില്‍ നിന്നാണ് കണ്ടെത്തുന്നത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെന്ന് സംശയിക്കുന്ന രവീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളില്‍ നിന്നാണ് പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുന്നത്. തങ്ങള്‍ ലക്ഷ്യം വെച്ചത് മറ്റൊരാളെയായിരുന്നുവെന്നും രാജേന്ദ്രന്‍ പിള്ള തങ്ങള്‍ക്കുമുന്നില്‍ വന്ന് പെടുകയായിരുന്നുവെന്നും പിടിയിലായ രവീന്ദ്രൻ പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഇയാള്‍ മദ്യപിച്ച് മൃതദേഹത്തിന് അരികില്‍ കിടന്ന് ഉറങ്ങി എന്ന ഞെട്ടിക്കുന്ന വിവരം കൂടിയാണ് പോലീസ് പറയുന്നത്. രാവിലെ നാട്ടുകാര്‍ കാണുമ്പോള്‍ ഇയാള്‍ മൃതദേഹത്തിന് അടുത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാള്‍ക്കൊപ്പം മദ്യപിച്ച രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.