ശബരിമല സ്വർണക്കൊള്ള വിവാദത്തിന് പിന്നാലെ ആന എഴുന്നെള്ളിപ്പിലും അഴിമതി

ശബരിമല സ്വർണപ്പാളിത്തട്ടിപ്പിന് പിന്നാലെ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പുകളിലും വൻ ക്രമക്കേടുകൾ ഉണ്ടായതായി ആരോപണം. സസ്പെൻഷനിലിരിക്കുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയാണ് ആരോപണങ്ങൾ ലക്ഷ്യമിടുന്നത്. മുരാരി ബാബു മുൻകാലത്ത് ഏറ്റുമാനൂരിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായും, വൈക്കത്ത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായും, തിരുനക്കരയിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠിച്ചിരുന്നു.
ആനയെഴുന്നള്ളിപ്പിനിടെ തിടമ്പ് ചുമക്കാൻ സാധാരണയായി ഒരു ആന മാത്രമേ ഉണ്ടാകാറുള്ളു. എന്നാൽ, അതേ ആനയ്ക്കായി പല സ്പോൺസർമാരിൽ നിന്നായി വ്യത്യസ്തമായി പണം വാങ്ങിയതായി ആരോപണം. സ്പോൺസർമാർ പരസ്പരം അറിയാത്തതിനാൽ ഓരോരുത്തരിൽ നിന്നുമുള്ള തുക വേർതിരിച്ച് കൈപ്പറ്റാനായതായാണ് റിപ്പോർട്ടുകൾ. എഴുന്നള്ളിപ്പിൽ എതിരേൽപ്പിന് ഉപയോഗിക്കുന്ന ആനകളുടെ കാര്യത്തിലും സമാനമായ തട്ടിപ്പ് നടന്നുവെന്നാണ് സൂചന.
ഉത്സവകാലത്ത് വൈക്കത്ത് ഏകദേശം 83 ആനകളെയും, ഏറ്റുമാനൂരിലും തിരുനക്കരയിലും 58 ഓളം ആനകളെയും എഴുന്നള്ളിപ്പിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയിൽ പലതും ആവർത്തിച്ച് ഉപയോഗിക്കുന്ന ആനകളാണ്. ഓരോ എഴുന്നള്ളിപ്പിനും സ്പോൺസർമാർ മാറുന്നതിനാൽ ഒരേ ആനയ്ക്കായി പലവട്ടം പണം ഈടാക്കാനായെന്നും ആന ഉടമകൾക്ക് അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ലഭിച്ചതെന്നും ആരോപണമുണ്ട്. ദേവസ്വം ബോർഡ് ഇതിന്മേൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുന്നുവെന്ന് വിവരം.
Tag: After the Sabarimala gold looting scandal, corruption also found in the elephant procession