രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധന കുറയുന്നു.

ന്യൂഡൽഹി/ രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ വൈറസ് സ്ഥിരീകരിച്ചത് 48,648 പേർക്ക്. 563 പേർ കൂടി 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മൊത്തം കേസുകൾ 80.88 ലക്ഷവും മരണസംഖ്യ 1,21,090ഉം ആയി. ആക്റ്റിവ് കേസുകൾ ആറു ലക്ഷത്തിൽ താഴെയായി. ദേശീയ റിക്കവറി നിരക്ക് 91.15 ശതമാനമായി ഉയർന്നു. മരണനിരക്ക് ഒന്നര ശതമാനത്തിൽ തുടരുകയാണ്.
5,94,386 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. മൊത്തം കേസ് ലോഡിന്റെ 7.35 ശതമാനം ആണിത്. 73.73 ലക്ഷത്തിലേറെ പേർ രോഗമുക്തരായി. വ്യാഴാഴ്ച 11.64 ലക്ഷത്തിലേറെ സാംപിളുകളാണു രാജ്യത്തു പരിശോധിച്ചത്. ഇതുവരെ 10.77 കോടിയിലേറെ സാംപിളുകൾ പരിശോധിച്ചിട്ടുണ്ടെന്ന് ഐസിഎംആർ അറിയിച്ചു.
രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധന കേരളത്തിൽ തന്നെയാണ്. വെള്ളിയാഴ്ച 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1080, മലപ്പുറം 723, കോഴിക്കോട് 698, എറണാകുളം 457, ആലപ്പുഴ 629, തിരുവനന്തപുരം 460, കൊല്ലം 474, പാലക്കാട് 258, കോട്ടയം 360, കണ്ണൂര്‍ 251, പത്തനംതിട്ട 131, കാസര്‍ഗോഡ് 129, വയനാട് 84, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 28 മരങ്ങളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 7,020 പേർക്ക് സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് മരണം 1457 ആയി.
മഹാരാഷ്ട്രയിൽ 5,902 പുതിയ കേസുകളാണു സ്ഥിരീകരിച്ചത്. 156 പേർ കൂടി മരിച്ചു. മൊത്തം കേസുകൾ 16.66 ലക്ഷവും ആക്റ്റിവ് കേസുകൾ 1.27 ലക്ഷവുമാണ്. 4,025 പേർക്കു കൂടിയാണ് കർണാടകയിൽ പുതുതായി രോഗം കണ്ടെത്തിയത്. 45 മരണവും രേഖപ്പെടുത്തി. 8.16 ലക്ഷം കേസുകളും 11,091 മരണവുമാണ് ഇതുവരെ സംസ്ഥാനത്ത് ഉണ്ടായത്. പശ്ചിമ ബംഗാളിലും കേസുകൾ വർധിച്ചു വരികയാണ്. അവസാന 24 മണിക്കൂറിൽ 3,989 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിൽ രോഗവ്യാപനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 88,778 സാംപിളുകൾ പരിശോധിച്ച് റെക്കോഡിട്ട വ്യാഴാഴ്ച സംസ്ഥാനത്തു സ്ഥിരീകരിച്ചത് 2,905 കേസുകളാണ്. 8.17 ലക്ഷം കേസുകളാണ് ഇതുവരെ ആന്ധ്രയിൽ കണ്ടെത്തിയത്. ആക്റ്റിവ് കേസുകൾ 26,268. ആന്ധ്രയിലെ ഇതുവരെയുള്ള മരണസംഖ്യ 6,659 ആണ്. തമിഴ്നാട്ടിലും പ്രതിദിന വർധന മൂവായിരത്തിൽ താഴെ തുടരുകയാണ്. അവസാന ദിവസം സ്ഥിരീകരിച്ചത് 2,652 പുതിയ കേസുകൾ. 35 മരണം കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള രോഗബാധിതർ 7.19 ലക്ഷം. 24,886 ആക്റ്റിവ് കേസുകൾ. മരണസംഖ്യ ഇതുവരെ 11,053 ആയി..