കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം വർധിപ്പിക്കും,ഗീത ഗോപിനാഥ്

ന്യൂദല്‍ഹി / കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന കാര്‍ഷികനിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നു ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റും കേരള മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീത ഗോപിനാഥ്. ‘ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണി വിശാലമാക്കുന്നു. മണ്ഡി മാര്‍ക്കറ്റുകള്‍ക്ക് പുറമെ ധാരാളം വിപണികളില്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു. ഇതിലൂടെ കര്‍ഷകരുടെ വരുമാനവും വര്‍ധിക്കും’, ഗീത പി.ടി.ഐയോട് ആണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയ്ക്ക് സമഗ്രമായ പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ള മേഖലകളിലൊന്നാണ് കാര്‍ഷിക മേഖല എന്നതിനാൽ കര്‍ഷകര്‍ക്ക് സാമൂഹിക സുരക്ഷ നല്‍കാനും കേന്ദ്രം ശ്രമിക്കണമെന്നും ഗീത പറയുകയുണ്ടായി. 2020 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുന്നത്. നിയമത്തെ പിന്തുണച്ച് നിരവധി സാമ്പത്തിക വിദഗ്ധര്‍ രംഗത്ത് വന്നിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രംഗത്തെത്തിയതോടെ നിയമങ്ങൾക്കെതിരെ സമരമുഖം തുറക്കപെടുകയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തോളമായി നിയമത്തിനെതിരെ പ്രതിഷേധവുമായി ദല്‍ഹി അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ പ്രക്ഷോഭം നടത്തി വരുകയാണ്. ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ ദല്‍ഹിയിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുകയുണ്ടായി. ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായതിനെ തുടർന്ന് നിരവധി പേര്‍ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുകയാണ്. സംഘര്‍ഷത്തിൽ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.