കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ ലോക്സഭ പാസാക്കിയ ബില്‍ ഉച്ചോടെ രാജ്യസഭയും പാസാക്കുകയായിരുന്നു. ലോക്സഭയിലേതുപോലെ ചര്‍ച്ചയില്ലാതെയാണ് രാജ്യസഭയും ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റവരി ബില്‍ അവതരിപ്പിച്ചത്.
ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അത് അനുവദിച്ചില്ല. ഇതോടെ സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഇന്നുരാവിലെ സഭാസമ്മേളനത്തിന്റെ തുടക്കത്തില്‍ ഇത്തവണത്തേത് സുപ്രധാന സമ്മേളനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ജനഹിത തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യതാത്പര്യങ്ങള്‍ അനുസരിച്ചുള്ള ചര്‍ച്ചകള്‍ വേണം. എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണ്.എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം.
സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാല്‍ പാര്‍ലമെന്റിന്റെ അന്തസ് കാക്കണം. ബഹളം വയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനോടും സ്പീക്കറോടുമുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും മോദി ആവശ്യപ്പെട്ടു.