അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാര വിതരണം ആരംഭിച്ച് എയർ ഇന്ത്യ

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നഷ്ടപരിഹാര വിതരണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. അപകടത്തിൽ മരിച്ച 260 പേരിൽ 166 പേരുടെ കുടുംബങ്ങൾക്ക് ഇടക്കാല നഷ്ടപരിഹാരമായി ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം വിതരണം ചെയ്തു. യാത്രക്കാരായ 147 പേരുടെയും മറ്റു 19 പേരുടെയും കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിച്ചത്. ശേഷിക്കുന്ന 52 പേരുടെ രേഖകൾ കൂടി പരിശോധിച്ചുവരികയാണെന്നും അവർക്കും ഉടൻ സഹായം വിതരണം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ‘എഐ 171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്’ എന്ന ചാരിറ്റിബിൾ ട്രസ്റ്റും എയർ ഇന്ത്യ രൂപീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം കമ്പനി എന്നും നിലകൊള്ളുമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. കൂടാതെ, അപകടത്തിൽ തകർന്ന ബി.ജെ. മെഡിക്കൽ കോളേജ് പുനർനിർമിക്കാൻ തയ്യാറാണെന്നും കമ്പനി അറിയിച്ചു.
ജൂൺ 12-നാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണത്. 260 പേർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുകയും വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രം രക്ഷപ്പെടുകയും ചെയ്തു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനം ബി.ജെ. മെഡിക്കൽ കോളേജിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്കുശേഷം മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടത്തിന് കാരണമെന്നു എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കി. വിമാനം പറന്നുയർന്ന ഉടൻ തന്നെ സ്വിച്ച് ഓഫായതായി കണ്ടെത്തി. സ്വിച്ച് ഓഫായത് എന്തുകൊണ്ടാണെന്ന് ചോദിച്ച പൈലറ്റിനും, അത് ഓഫാക്കിയിട്ടില്ലെന്നു പറഞ്ഞ സഹപൈലറ്റിനും ഇടയിലുള്ള സംഭാഷണം കോക്പിറ്റ് ഓഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന പിന്നീട് പ്രതികരിച്ചു.
Tag: Ahmedabad plane crash: Air India starts disbursing interim compensation to families of deceased