അഹമ്മദാബാദ് വിമാനാപകടം; ‘സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം’ ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ് സുപ്രീംകോടതിയിൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട എയർ ഇന്ത്യ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്‌കരാജ് സബർവാൾ സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തെക്കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് വേണ്ടി ഒരു പ്രത്യേക സമിതിയെ രൂപീകരിച്ച് അന്വേഷണം മേൽനോട്ടം വഹിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ദീപാവലി അവധിക്കുശേഷം ഹർജി പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്.
നിലവിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്ന് പുഷ്‌കരാജ് സബർവാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വിമാനാപകടത്തിന് കാരണക്കാരൻ സുമീത് സബർവാളാണെന്ന ആരോപണങ്ങളും, ആത്മഹത്യയാണ് അപകടത്തിന് കാരണമെന്ന തരത്തിലുള്ള വിദേശമാധ്യമങ്ങളിലെ റിപ്പോർട്ടുകളും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ തന്നെ അന്തിമമായ അന്വേഷണഫലമായി സ്വീകരിക്കുമോ എന്ന ആശങ്കയും പിതാവ് പ്രകടിപ്പിച്ചു.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിന്റെ പിൻഭാഗത്തെ പരിശോധനയിൽ ചില യന്ത്രഭാഗങ്ങൾ കത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തീപിടുത്തം വൈദ്യുതി തകരാറിനെ തുടർന്നാണോയെന്ന് അന്വേഷണം തുടരുന്നു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പൂർണമായും കത്തിയമർന്നിരുന്നുവെന്നും, എയർഹോസ്റ്റസിന്റെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ ട്രാൻസ്ഡ്യൂസറിൽ അറ്റകുറ്റപണികൾ നടന്നതായി രേഖകളിൽ തെളിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഉപകരണത്തിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യുതി സംവിധാനത്തെയും ബാധിക്കുന്നതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചതെന്ന വിവരവും ടെക്‌നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Tag: Ahmedabad plane crash; ‘Supreme Court-supervised investigation needed’, Captain Sumeet’s father tells Supreme Court