അഹമ്മദാബാദ് വിമാനദുരന്തം ; സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവ്

അഹമ്മദാബാദ് : എയര്‍ഇന്ത്യ വിമാന ദുരന്തത്തില്‍ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സഭർവാളിന്റെ പിതാവ്. കുടുംബപ്രശ്നങ്ങള്‍ കാരണം സുമിത് ആത്മഹ്യ ചെയ്തതാണെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ട് വ്യോമയാന സെക്രട്ടറിക്കും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോക്കും അപേക്ഷ നല്‍കിയത്. പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ ചില ഭാഗങ്ങൾ ദുരന്തത്തിന്റെ ഉത്തരവാദിത്തം മകന്‍റെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പുഷ്കരാജ് സഭർവാൾ പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
വിമാന നിർമാതാക്കളായ ബോയിങിനും എൻജിൻ നിർമാതാക്കളായ ജിഇ എയ്റോസ്പേസിനും ക്ലീൻചിറ്റ് നൽകി അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൈലറ്റുമാർക്ക് മേൽ ചുമത്തിയായിരുന്നു ജൂലൈയിൽ പുറത്തുവന്ന റിപ്പോർട്ട്. ഇത് മകന്‍റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നണെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്. പ്രാഥമികാന്വേഷണത്തിന് പകരം കോടതിയുടെ നിരീക്ഷണത്തിൽ വിശദവും സ്വതന്ത്ര്യവുമായ അന്വേഷണം നടത്തണമെന്ന് അപേക്ഷയില്‍ പറയുന്നു.
വിമാനത്തിന്റെ എൻജിന്‍ സ്വിച്ചുകൾ ഓഫ് ചെയ്തതെന്ന പ്രചാരണത്തിന്‍റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട കഥകളിൽ ക്യാപ്റ്റൻ സഭർവാളാണ് ഇത് ഓഫ് ചെയ്തതെന്നും വിവാഹമോചനവും, അമ്മയുടെ മരണത്തിലും മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നും പ്രചരിച്ചതോടെയാണ് പിതാവ് രംഗത്ത് വന്നത്. അപകടത്തിന് 15 വർഷം മുൻപാണ് സഭർവാൾ വിവാഹമോചനം നേടിയതെന്നും മാതാവ് മരിച്ചിട്ട് 3 വർഷമായെന്നും ഇതിന് ശേഷം നൂറിലേറെ വിമാനങ്ങൾ ഒരു അപകടവും കൂടാതെ മകൻ പറത്തിയിട്ടുണ്ടെന്നും പുഷ്കരാഷ് ചൂണ്ടിക്കാട്ടി.
ജൂൺ 12ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്ന് സെക്കൻഡുകൾക്കകം തകർന്നുവീഴുകയായിരുന്നു. വിമാനദുരന്തത്തിന്റെ അന്തിമറിപ്പോർട്ട് ഈ വർഷം അവസാനത്തിൽ സമർപ്പിക്കും