കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് എഐസിസി; സുപ്രധാന തീരുമാനങ്ങൾക്ക് പ്രത്യേക കോർ കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് എഐസിസി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം പൂർണ്ണമായും വിജയസാധ്യതയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് സംസ്ഥാന നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദേശിച്ചു. സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ പ്രത്യേക കോർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ഇന്നലെ ഹൈക്കമാൻഡിന്റെ അടിയന്തരയോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരെയെല്ലാം ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തും.
കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ ആവർത്തിച്ച് വിളിച്ചുചേരുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് തീരുമാനാധികാരം കോർ കമ്മിറ്റിക്ക് ഏൽപ്പിക്കാനാണ് തീരുമാനം. നേതാക്കൾ തമ്മിൽ ഐക്യം നിലനിർത്തണമെന്നും സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകി. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ ഇനി കോർ കമ്മിറ്റിയുടെ പരിഗണനയിലായിരിക്കും.
ഇന്നലെ ഹൈക്കമാൻഡുമായുണ്ടായ ചർച്ചയിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും പ്രചാരണ പദ്ധതികളും എഐസിസി വിലയിരുത്തി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പദ്ധതികളുടെ വിശദാംശങ്ങൾ ഹൈക്കമാൻഡിനോട് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിനെ ഏകോപിതമായി നേരിടണമെന്ന നിർദ്ദേശം ഹൈക്കമാൻഡ് നൽകി. മുന്നൊരുക്കങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും എഐസിസി നേതാക്കൾ വിലയിരുത്തി.
Tag: AICC will not announce Congress CM candidate in Kerala; Special core committee for important decisions



