തിരുവല്ലയിൽ എഐജിയുടെ വാഹനം ഇടിച്ച കേസ്; പരിക്കേറ്റ കാൽനടയാത്രക്കാരനെ പ്രതിയാക്കി കേസ് എടുത്ത നടപടിയിൽ തിരുത്തൽ

തിരുവല്ലയിൽ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരന്റെ പേരിൽ കേസ് എടുത്ത നടപടി പൊലീസ് പിൻവലിക്കാനൊരുങ്ങുന്നു. ഈ തീരുമാനത്തെ കുറിച്ച് ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം വിവാദമായതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഉടൻ തന്നെ എസ്പിക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എഐജി വി.ജി. നന്ദകുമാറിന്റെ സ്വകാര്യ വാഹനം ഇടിച്ചാണ് കാൽനടയാത്രക്കാരനായ നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിക്ക് പരിക്കേറ്റത്. തലയ്ക്കും മുഖത്തും തോളിലും പരിക്കേറ്റ ഇയാൾ ഇപ്പോൾ തിരുവല്ല ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ, സംഭവം അന്വേഷിച്ച തിരുവല്ല പൊലീസ്, വാഹനം ഓടിച്ച ഡ്രൈവറെ ഒഴിവാക്കി, ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനെ തന്നെയാണ് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 30-ന് രാത്രി തിരുവല്ല കുറ്റൂരിലാണ് അപകടം നടന്നത്. ഡ്രൈവറെ രക്ഷപ്പെടുത്താനാണ് പൊലീസ് ഇത്തരത്തിൽ ‘ഒത്തുകളി’ നടത്തിയതെന്ന ആക്ഷേപം ശക്തമായി ഉയർന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പത്തനംതിട്ട എസ്പി ആനന്ദ് അവധിയിലായിരുന്നു. അപകടവും കേസുമായി ബന്ധപ്പെട്ട വിവരം എസ്പിയെ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Tag:AIG’s vehicle hit in Thiruvalla; Correction in the action taken against the injured pedestrian