CinemaLatest NewsMovieMusic

“സച്ചിയേട്ടാ നിങ്ങൾ അറിഞ്ഞില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഞാൻ എന്താകുമായിരുന്നു”; സച്ചിയുടെ ഓർമ്മയിൽ ഗൗരി നന്ദ

അയ്യപ്പനും കോശിയും’ എന്ന ഹിറ്റ് ചിത്രം പുറത്തിറങ്ങി ഇന്ന് ഒരുവർഷം ആകുകയാണ്. കരിയറിലെ ഏറ്റവും മികച്ച സിനിമ സമ്മാനിച്ച് ഇനി ഒരു ചിത്രത്തിനും കൂടി കാത്തുനിൽക്കാതെ സംവിധായകൻ സച്ചി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. വാർഷിക ദിവസം സച്ചിയുടെ ഉറ്റ സുഹൃത്തും നടനും കൂടിയായ പൃഥ്വിരാജ് പുതിയ ചിത്രം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘വിലായത്ത് ബുദ്ധ’ എന്നാണ് പേര്. ഇപ്പോഴിതാ അയ്യപ്പനും കോശിയിലെ കണ്ണമ്മ ആയെത്തി കൈയ്യടി നേടിയ ഗൗരിയുടെ ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്.

‌ഇന്ന് എല്ലാവരും അംഗീകരിച്ച നടി, കലാകാരി ആയി എങ്കിൽ അത് സച്ചികാരണമാണെന്ന് ​ഗൗരി കുറിക്കുന്നു. സിനിമ ഉളള കാലം വരെ സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും സച്ചി ഉണ്ടാകുമെന്നും താരം കുറിച്ചു.

ഗൗരി നന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ്

അയ്യപ്പനും കോശിയും ഫെബ്രുവരി 7-2020

സച്ചിയേട്ടൻ

എന്റെ ജീവിതത്തിൽ ഞാൻ സ്‌നേഹിക്കുന്ന, വിശ്വസിക്കുന്ന, സ്വപ്നംകാണുന്ന എന്റെ സിനിമാജീവിതത്തിൽ എന്നെ അഭിമാനത്തോടെ തല ഉയർത്തി നടക്കാൻ എനിക്ക് അവസരം ഉണ്ടാക്കിതന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ സിനിമ.

സിനിമയിൽ എനിക്കും ഒരു സ്‌ഥാനം ഉണ്ട് എന്ന് എന്നെ തന്നെ സന്തോഷിപ്പിക്കുന്ന തരത്തിൽ എന്നിലെ കലാകാരിയെ, അഭിനയത്രിയെ ഈ സമൂഹത്തിന് മുൻപിൽ അഭിമാനത്തോടും, അംഗീകാരത്തോടും നിർത്തിയ എന്റെ കഥാപാത്രം “കണ്ണമ്മ”…

സച്ചിയേട്ടാ നിങ്ങൾ അറിഞ്ഞില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഞാൻ എന്താകുമായിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. കാരണം ഇങ്ങനെ ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയിരുന്നു. എന്നിലെ കലാകാരിയെ മനസിലാക്കി അവൾക്ക് വേണ്ടത് എന്താണ് എന്ന് അറിഞ്ഞു തന്നെ നിങ്ങൾ പ്രവർത്തിച്ചു. ഒരിക്കലും ആരും എന്നോട് കാണിക്കാത്ത ദയ നിങ്ങൾ എന്നോട് കാണിച്ചു. ആ കലാകാരിക്ക്‌ വേണ്ടത് എല്ലാം നൽകി സമൂഹത്തിൽ അറിയപ്പെടുന്ന, എല്ലാവരും ഇഷ്ട്ടപെടുന്ന നടിയാക്കി..

ഇന്ന് എല്ലാവരും അംഗീകരിച്ച നടി, കലാകാരി ആയി എങ്കിൽ അത് നിങ്ങൾമൂലം ആണ് സച്ചിയേട്ടാ ..

പക്ഷെ എല്ലാം പ്രസക്തിയും നൽകി നിങ്ങൾ അപ്രത്യക്ഷമായി യാത്ര പറഞ്ഞപ്പോൾ വീണ്ടും എല്ലാം തുടങ്ങണം എന്ന് തോന്നുന്നു.. ജീവിതം ഉളള സമയം വരെ സിനിമ നിലനിൽകുന്നതുവരെ ഞാൻ സ്‌നേഹിക്കുന്ന എന്റെ സിനിമ എന്നിൽ നിലനിൽകുന്നതുവരെ സച്ചിയേട്ടാ നിങ്ങൾക്ക് ഞാൻ എന്റെ “ഗുരു” സ്‌ഥാനം മനസ്സറിഞ്ഞു നൽകും …

എന്നിൽ നിറഞ്ഞാടിയ കണ്ണമ്മ വെറും കഥാപാത്രം ആയി കാണാതെ അതിനെ ഞാൻ എന്നിൽ ഒരുവളായി തന്നെ നിലനിർത്തും..

ഈ കഥാപാത്രം കൊണ്ടും, ഈ സിനിമകൊണ്ടും ലോകത്തിന്റെ ഏത് കോണിലും അതുപൊലെ സിനിമാജീവിതത്തിന്റെ ഏത് വലിയ സ്‌ഥാനത്തും എത്താൻ ഞാൻ ശ്രമിക്കും ..

എനിക്ക് നേടണം ഞാൻ ആഗ്രഹിക്കുന്ന സ്‌ഥാനമാനങ്ങൾ അതിന് വേണ്ടി തുടങ്ങുന്നു എന്റെ പ്രയത്നങ്ങൾ വീണ്ടും.. പക്ഷെ ഈ തവണ കൂടെ ഉണ്ടാകണം എന്റെ ഉയർച്ച ആഗ്രഹിച്ച, നൻമ ആഗ്രഹിച്ച സച്ചിയേട്ടന്റെ ആ മനസ്സറിഞ്ഞുള്ള അനുഗ്രഹം..

ഈ സിനിമയുടെ ഒപ്പം ഉണ്ടായിരുന്നവർ ഇതും ആയി സഹകരിച്ച ഞാൻ അറിയുന്നതും അറിയാത്തതുമായ ഓരോരുത്തരോടും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു..

ഞങ്ങളുടെ ഈ സിനിമ നിങ്ങളുടെ നെഞ്ചോട് ചേർത്ത് എന്നും പ്രിയപെട്ടതാക്കി മാറ്റിയ പ്രിയപ്പെട്ട പ്രേക്ഷകരോടും സ്നേഹവും നന്ദിയും..

സിനിമ ഉളള കാലം വരെ സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും സച്ചിയേട്ടനും ഉണ്ടാക്കും..
എന്നിലും!.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button