വിഎസ് 98ന്റെ നിറവില്‍
ആലപ്പുഴ: സിപിഎം സ്ഥാപകനേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98 തികയുകയാണ്. സിപിഎം സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവ് വിഎസ് ആണ്. രണ്ടു വര്‍ഷത്തോളമായി വിശ്രമജീവിതത്തിലാണ് അദ്ദേഹം. 2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസിനെ പിറ്റേന്ന് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ആശുപത്രി വിട്ടെങ്കിലും വിഎസിന് പൂര്‍ണവിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ ഈ സ്ഥാനം ഒഴിഞ്ഞിരുന്നു. പൊതുപ്രവര്‍ത്തനത്തില്‍ നിന്നും ഏതാനും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് നിലവില്‍ തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. ലളിതമായ ചടങ്ങുകളോടെ വിഎസിന്റെ ജന്മദിനം ആഘോഷിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
വീട്ടിനകത്ത് ഇപ്പോഴും വീല്‍ചെയറിലാണ് വിഎസ്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനുമതി നല്‍കിയിരുന്നില്ല. കേരളത്തിലെ കര്‍ഷക തൊഴിലാളി സമരങ്ങള്‍ പിറവിയെടുത്ത ആലപ്പുഴയുടെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ല്‍ ഒക്ടോബര്‍ 20ന് ജനിച്ചു.
നാല് വയസുളളപ്പോള്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് വിഎസിനെ വളര്‍ത്തിയത്. പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. ജ്യേഷ്ഠന്റെ സഹായിയായി ജൗളിക്കടയില്‍ കുറേക്കാലം ജോലി ചെയ്തു. തുടര്‍ന്ന് കയര്‍ ഫാക്ടറിയിലേക്ക്. ഇവിടെ നിന്നാണ് വിഎസിലെ നേതാവ് ജനിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം കൊടുംപിരിക്കൊണ്ടിരുന്ന കാലത്ത് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി.
രണ്ട് വര്‍ഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വിഎസ് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അജയ്യനായി വളര്‍ന്ന വിഎസ് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 96 ല്‍ എല്‍ഡിഎഫ് കണ്‍വീനറായതിനുശേഷമാണ് അദ്ദേഹം വളരെയധികം ജനകീയനായി മാറിയത്. പാര്‍ട്ടിക്ക് പുറത്തുളള നിരവധി സമരങ്ങളിലും ഈ കാലയളവില്‍ വിഎസ് സജീവമായി.