ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യ വിമാനം
ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതോടെ അടിയന്തരമായി തിരിച്ചിറക്കി എയർ ഇന്ത്യ വിമാനം. ഞായറാഴ്ച ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്കുള്ള സർവീസായ AI2913 വിമാനത്തിലാണ് സംഭവം നടന്നത്. പൈലറ്റുമാർക്ക് തീപിടുത്ത സാധ്യത സൂചിപ്പിക്കുന്ന അലേർട്ട് ലഭിച്ചതിനെത്തുടർന്ന് വിമാനം ഉടൻ സുരക്ഷിതമായി നിലത്തിറക്കിയതായി എയർലൈൻ അറിയിച്ചു. വിശദമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്തെ പരിശോധനയ്ക്കായി പിടിച്ചിട്ടിരിക്കുകയാണെന്നും അതിനുശേഷം ഇൻഡോർ സർവീസ് നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം രേഖപ്പെടുത്തുന്നതായും പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് എയർ ഇന്ത്യയുടെ പരമപ്രാധാന്യമെന്നും കമ്പനി കൂട്ടിച്ചേർത്തു.
Tag: Air India flight makes emergency landing after takeoff