എയര്‍സ്ട്രിപ്പിന് അനുമതിയില്ല: മന്ത്രി റിയാസിന്റെ സ്വപ്‌നം പൊലിയുന്നു
തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന എയര്‍ സ്ട്രിപ്പിന് കേന്ദ്രാനുമതിയില്ല. നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്ന എയര്‍ സ്ട്രിപ്പിന് അനുമതി നിഷേധിച്ചത് പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിലാണ്. വന്‍പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നാണ്.
ശബരിമല വിമാനത്താവളക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതുപോലെ ഇടുക്കി എയര്‍ സ്ട്രിപ്പിന്റെ കാര്യത്തിലും സര്‍ക്കാര്‍ നിര്‍ണായക വിവരങ്ങള്‍ ഒളിപ്പിച്ചു. വണ്ടിപ്പെരിയാര്‍ സത്രം വനപ്രദേശത്ത് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയാണ് ചെറു വിമാനത്താവളം. റണ്‍വേ നിര്‍മാണത്തിന് 13 ഏക്കര്‍ വനഭൂമി വേണം. ഇത് കടുവാസംരക്ഷണ പ്രദേശത്തായതിനാല്‍ വിട്ടുനല്‍കാന്‍ വനംവകുപ്പ് തയ്യാറല്ല.
റണ്‍വേ നിര്‍മാണത്തിന് പ്രശ്‌നമുണ്ടാകുമെന്ന കാര്യം വിദഗ്ധര്‍ മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. രണ്ട് മലകള്‍ നിരത്തേണ്ടി വരും. വംശനാശം സംഭവിക്കുന്ന മലമുഴക്കി വേഴാമ്പലിന്റെ ആവാസപ്രദേശം കൂടിയാണ് ഇവിടം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല എസ്പിസിഎസ് പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന്‍ കേന്ദ്രത്തിന് പരാതി നല്‍കി. പരാതിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേരള ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് നോട്ടീസ് അയച്ചു. വിമാനത്താവളത്തിന് വിവിധ മന്ത്രാലയങ്ങളില്‍നിന്ന് കിട്ടിയ അനുമതികളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാനാണ് നിര്‍ദേശം.
യാതൊരു പഠനങ്ങളും നടത്താതെ എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറത്തല്‍ പരിശീലിക്കാനെന്ന പേരിലാണ് എയര്‍സ്ട്രിപ്പ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. 2017ല്‍ പണി നിര്‍മാണം തുടങ്ങിയത് 2018ലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. പിന്നീട് 2019ല്‍ വീണ്ടും പണി തുടങ്ങി. എന്‍സിസിയുടെ ആവശ്യത്തിനെന്ന പേരില്‍ കേന്ദ്രത്തിന്റെ അനുമതി നേടാമെന്നും ക്രമത്തില്‍ ചെറു യാത്രാ വിമാനങ്ങള്‍ ഇറക്കി ടൂറിസം പദ്ധതി നടപ്പാക്കാമെന്നുമാണ് അണിയറയില്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ കരുതുന്നത്.