അഖിലേഷും കൈവിട്ടു; യുപിയില്‍ കോണ്‍ഗ്രസിന്റെ താളം തെറ്റുന്നു

ലഖ്നൗ: തിരഞ്ഞെടുപ്പ് അടുക്കവെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് അഖിലേഷ് യാദവ്. മമത ബാനര്‍ജി കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചതോടെ പ്രാദേശിക പാര്‍ട്ടികള്‍ പലതും കോണ്‍ഗ്രസിനെ കൈവിടുകയാണ്. മഹാരാഷ്ട്രയില്‍ ശരദ് പവാറും കോണ്‍ഗ്രസിനെ തഴഞ്ഞുകൊണ്ടിരിക്കുകയാണ്. കര്‍ണാടകത്തില്‍ ജനതാദള്‍ നേതൃത്വം ബിജെപിയുമായി കൈകോര്‍ത്ത് മുന്നോട്ടുപോവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി പദം രാജിവച്ചതോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലാകട്ടെ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലി പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ഉറപ്പാക്കുകയാണ്. പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തി യുപിയില്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിനെ പൂര്‍ണമായും നിരാശപ്പെടുത്തിയാണ് സമാജ്‌വാദി പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാനൊരുങ്ങുന്നത്.
പ്രാദേശിക കക്ഷികളെ ചേര്‍ത്തുപിടിച്ച് മമതയെ മുന്‍നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്താനാണ് അഖിലേഷ് ശ്രമിക്കുന്നത്. ദേശീയതലത്തിലേക്ക് ചില നോട്ടങ്ങളും അഖിലേഷിനുണ്ട്. ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നാണ് അഖിലേഷ് യാദവ് വിലയിരുത്തുന്നത്.
പ്രിയങ്കയുടെ അപ്രമാദിത്വം അംഗീകരിക്കാന്‍ അഖിലേഷിന് കഴിയാത്തതുകൊണ്ടാണ് കോണ്‍ഗ്രസിനെ എസ്പി പൂര്‍ണമായും തള്ളുന്നതെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കുടുംബാധിപത്യപാര്‍ട്ടികള്‍ തമ്മിലുള്ള പിണക്കങ്ങള്‍ വളമാകുന്നത് ബിജെപിക്കാണെന്ന് ചില രാഷ്ട്രതന്ത്രജ്ഞര്‍ പറഞ്ഞു.