ജ്ഞാനപീഠ ശോഭയിൽ അക്കിത്തത്തിന് യാത്രാമൊഴി

എട്ടു പതിറ്റാണ്ടുകാലം മലയാള വായനലോക
ത്തെ സമ്പന്നമാക്കിയ ഇതിഹാസ തുല്യമായ ജീവിതത്തിനാണ് ഇന്ന് രാവിലെയോടെ പൂർണ്ണ വിരാമമായത്. അക്കിത്തത്തിൻ്റെ തന്നെ പ്രയോഗം കടമെടുത്താൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്നു തന്നെ വിശേഷിപ്പിക്കാം ഈ കാവ്യജന്മത്തെ. ഇന്നത്തെ യുവതലമുറ പോലും പ്രയോഗിക്കുന്ന ജനകീയമായ എത്രയോ വരികൾ അ തൂലികയിൽ പിറന്നു. വിശ്വമാനവികതയുടെ ബൃഹത്തായ ദർശനങ്ങളെ ഏറ്റവും ജനകീയ മായ രീതിയിൽ അക്കിത്തത്തെ പോലെ അവതരിപ്പിച്ച മറ്റൊരു കവി ഉണ്ടാകുമോ എന്ന് സംശയമാണ്. എങ്കിലും കവി പ്രത്യക്ഷപ്പെട്ട വേദികളെ മാത്രം നോക്കി അക്കിത്തത്തിൻ്റെ രാഷ്ട്രീയം ചിലർ അളന്നു. പക്ഷെ തൻ്റെ ആശയവും നിലപാടും തൻ്റെ രചനകളിലൂടെ പല തവണ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജനനം.
1946 മുതൽ ഉണ്ണിനമ്പൂതിരിയുടെ പത്രാധിപരായി സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായും പ്രവർത്തിച്ചു. 1975ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായും ചുമതല വഹിച്ചു. 1985ലാണ് ആകാശവാണിയിൽ നിന്ന് വിരമിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ തുടങ്ങി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെതായി മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കി.ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു.
ബലിദർശനം എന്നകൃതിക്ക് 1972 ൽ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1974 ലെ ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, അമൃതകീർത്തി പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛൻ പുരസ്കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം, 2012ലെ വയലാർ അവാർഡ്, 2016ലെ എഴുത്തച്ഛൻ പുരസ്കാരം, 2017ലെ പത്മശ്രീ പുരസ്കാരം, ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി പുരസ്കാരം തുടങ്ങിയവയും മഹാകവിയെ തേടി എത്തി.
കാശ് ന് വേണ്ടി കവിത എഴുതിയ ആളായിരുന്നില്ല അക്കിത്തം. കവിയുടെ തന്നെ അഭിപ്രായത്തിൽ പ്രേരണവരാതെ, കാശ് എന്ന ഉദ്ദേശ്യംവെച്ച് കവിതയെഴുതുക വയ്യെന്നായിരുന്നു നിലപാട്. കഥയുടെയും കവിതയുടെയും കാതൽ ആനന്ദമാണ്. എഴുതുമ്പോൾ കവിക്കും വായിക്കുമ്പോൾ വായനക്കാരനും ആനന്ദമുണ്ടായാലേ പകർന്നുകൊടുക്കൽസാധ്യമാകൂ എന്നും അദ്ദേഹം വിശ്വസിച്ചു. രാഷ്ട്രീയ പരമായി പലവിധ എതിർപ്പുകൾക്കും വിധേയനാ വേണ്ടി വന്നപ്പഴും മഹാകവിക്ക് അദ്ദേഹത്തിൻ്റെ നിലപാട് ഉണ്ടായിരുന്നു.കക്ഷിരാഷ്ട്രീയമാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു കവിക്ക് കവിതകൾ പാർട്ടിയുടെ പ്രചാരവേലയ്ക്കുവേണ്ടിയാക്കേണ്ടിവരും. കവിതയാണ് യഥാർഥ സാഹിത്യം. പ്രചാരണത്തിനും രാഷ്ട്രീയത്തിനും കവിത എളുപ്പമായ മാധ്യമമാണ്. പക്ഷേ, ‘കവിത’ കഷ്ടിയായിരിക്കുമെന്നും അക്കിത്തം പറഞ്ഞു വച്ചു.
മലയാള സാഹിത്യ ലോകത്ത് ശോഭിതമായ ഒരു അദ്ധ്യായം അതിൻ്റെ പുർണ്ണ ശോഭയോടെ പര്യവസാനിക്കുന്നത് കാലത്തിൻ്റെ കാവ്യനീതിയാവാം.55-ാമത് ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായി ഒരു വർഷം തികയുന്നതിന് മുൻപാണ് അദ്ദേഹം വിടവാങ്ങിയത്. കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം നൽകി ആദരിച്ചത്.കാവ്യലോകത്തിന് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം നൽകി ആദരിച്ചത്. നൈമിഷികമായ മനുഷ്യ ജീവിതത്തെ പറ്റി അക്കിത്തം ഇങ്ങനെ കുറിച്ചു;ഞാനെന്നൊരാൾ പണ്ടിവിടെ ഉണ്ടായിരുന്നില്ല. ഇനിയൊരു ദിവസം ഇല്ലാതാവുകയും ചെയ്യും. ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നത് വെറും തോന്നൽ മാത്രം..