തീരാത്ത സംശയത്തില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാറേ ഇല്ല, ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഷഹീറിന്റെ സ്വഭാവം ഇങ്ങനെ

കോഴിക്കോട്: ഉറക്കത്തിലായിരുന്ന ഇരുപതുകാരിയെ ഭര്‍ത്താവ് കഴുത്തിനും തലയ്ക്കും കുത്തിക്കൊലപ്പെടുത്തി. മലപ്പുറം ഒതായി ചൂളാട്ടിപ്പാറ സ്വദേശിനി മുഹ്സിലയ്ക്കാണ് ദാരുണാന്ത്യം. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. പ്രതി ചെറുവാടി പഴംപറമ്ബില്‍ നാട്ടിക്കല്ലിങ്കല്‍ ഷഹീറിനെ (30) അയവാസികള്‍ പിടികൂടി മുക്കം പൊലീസില്‍ ഏല്പിച്ചു. യുവാവ് കുറ്റം സമ്മതിച്ച് മൊഴി നല്‍കിയിട്ടുണ്ട്. സംശയരോഗമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രതിയുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. പുലര്‍ച്ചെ കിടപ്പുമുറിയില്‍ നിന്ന് നിലവിളി കേട്ട് ഷഹീറിന്റെ പിതാവ് കുട്ട്യാലിയും മാതാവ് റുഖിയയും ഓടിയെത്തിയെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചു വരുത്തി.
അവര്‍ ഒച്ചവച്ചതോടെ ഷഹീര്‍ വാതില്‍ തുറപ്പോള്‍ മുഹ്സില രക്തത്തില്‍ കുളിച്ച് പിടയുന്നതാണ് കണ്ടത്. ഷഹീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അയല്‍പക്കക്കാര്‍ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മുഹ്സിലയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആറു മാസം മുമ്പായിരുന്നു ഷഹീറിന്റെയും മുഹ്സിലയുടെയും വിവാഹം. മൂന്ന് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ഷഹീര്‍ ഒരു വര്‍ഷം മുമ്ബാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പെയ്ന്റിംഗ് ജോലിയ്ക്ക് പോവുകയായിരുന്നു. എന്നാല്‍, വിവാഹശേഷം അപൂര്‍വമായേ ജോലിയ്ക്ക് ഇറങ്ങിയിരുന്നുള്ളൂ. തീരാത്ത സംശയത്തില്‍ വീട്ടില്‍ തന്നെ കൂടുകയായിരുന്നു. ഭാര്യ മൊബൈലില്‍ സംസാരിക്കുന്നതു കണ്ടാല്‍ പോലും സംശയമായിരുന്നുവെന്ന് പറയുന്നു.
വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇളയ മകനായ ഷഹീറിന്റെ താമസം. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുഹസിലയുടെ കബറടക്കം ഒതായി ചൂളാട്ടിപ്പാറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.