പതിറ്റാണ്ടുകളായ സ്വപ്നത്തിന് സാക്ഷാത്കാരം; ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു

ആലപ്പുഴ / ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്നത്തിന് സാക്ഷാത്കാരം. കേരളം കാത്തിരുന്ന ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി നിർവഹിച്ചു. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ വാഹനയാത്രികർക്ക് ആലപ്പുഴ ബൈപാസിലൂടെ പോകാം. പൊതുഗതാഗതത്തിനായി ഇന്ന് ബൈപ്പാസ് തുറന്നതോടെ ആലപ്പുഴക്കാരുടെ നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമായത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, എ.എം.ആരിഫ് എംഎംപി, നഗരസഭാധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബീച്ചിന്റെ മുകളിൽ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേൽപ്പാലമാണിത്. കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കളർകോട് മുതൽ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. അതിൽ 3.2 കിലോമീറ്റർ മേൽപ്പാലമുൾപ്പടെ 4.8 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്.