Latest NewsNationalNews

അസമില്‍ തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളി പ്രിയങ്ക ഗാന്ധി

ഗോഹട്ടി: അസമില്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ട് ദിവസത്തെ പ്രചരണത്തിനായി അസമിലെത്തിയ പ്രിയങ്ക തോട്ടം തൊഴിലാളികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അസമിലെ സദ്ഗുരു ടീ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം തേയില നുളളാന്‍ പ്രിയങ്ക പങ്കു ചേര്‍ന്നത് .

തികച്ചും പരമ്ബരാഗത വേഷമണിഞ്ഞ് തന്നെയാണ് പ്രിയങ്ക തേയില നുള്ളാന്‍ തോട്ടത്തിലെത്തിയത് .ഏപ്രണ്‍ ധരിച്ച്‌ കൊളുന്ത് ഇടാനുള്ള കൊട്ടയും തൂക്കി തൊഴിലാളികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ തേയില നുള്ളുന്ന പ്രിയങ്കയുടെ വിഡിയോ ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ് .

പ്രിയങ്ക ഗാന്ധിയുടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രമുഖ ദേശീയ മാധ്യമം ആണ് പുറത്തുവിട്ടത്.തേയില നുള്ളുന്നതെങ്ങിനെയെന്ന് തൊഴിലാളികള്‍ പ്രിയങ്കക്ക് കാണിച്ചുകൊടുക്കുന്നുമുണ്ട്. തോട്ടം തൊഴിലാളികളില്‍ നിന്നും ഹൃദ്യമായ സ്വീകരണമാണ് പ്രിയങ്കക്ക് ലഭിച്ചത്.

മാര്‍ച്ച്‌ 27ന് ആരംഭിക്കുന്ന മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചരണത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക അസമിലെത്തിയത്. പ്രദേശവാസികള്‍ക്കൊപ്പം അവരുടെ പരമ്ബരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. അതെ സമയം അസമിലെ പ്രധാന വോട്ട് ബാങ്കാണ് പത്ത് ലക്ഷത്തോളം വരുന്ന ഈ തേയിലത്തൊഴിലാളികള്‍. സംസ്ഥാനത്തെ 126 സീറ്റുകളിലെ 35 സീറ്റുകളിലെ നിര്‍ണായക ഘടകമാണ് തോട്ടം മേഖലയിലെ തൊഴിലാളികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button