ഹമാസിന്റെ തടവിലുണ്ടായിരുന്ന 20 പേരും ഇസ്രയേലിൽ സുരക്ഷിതമായി മടങ്ങിയെത്തി

ഹമാസിന്റെ തടവിലുണ്ടായിരുന്ന 20 പേരെല്ലാം ഒടുവിൽ ഇസ്രയേലിലേക്ക് സുരക്ഷിതമായി മടങ്ങിയെത്തി. ഗാസയിൽ നിന്നുള്ള ബന്ദികളുടെ രണ്ടാം സംഘം ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങിയതായി ഔദ്യോഗിക റിപ്പോർട്ടുകൾ അറിയിച്ചു. ഇതോടെ ഹമാസ് പിടിയിലായിരുന്ന ജീവനോടെ ഉള്ള എല്ലാ 20 ബന്ദികളും ഇസ്രയേൽ മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു.
ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച്, ഹമാസ് മോചിപ്പിച്ച രണ്ടാമത്തെ സംഘത്തിൽ ഉൾപ്പെട്ട 13 പേരുടെ പേരുകൾ ഇപ്രകാരമാണ്: എൽക്കാന ബോഹ്ബോട്ട്, അവിനാറ്റാൻ ഓർ, യോസെഫ്-ഹൈം ഓഹാന, എവ്യാത്തർ ഡേവിഡ്, റോം ബ്രാസ്ലബ്സ്കി, സേഗെവ് കൽഫോൺ, മാക്സിം ഹെർകിൻ, ബാർ കൂപ്പർസ്റ്റീൻ, എയ്തൻ ഹോൺ, ഏരിയൽ കുനിയോ, ഡേവിഡ് കുനിയോ, മാതൻ സാംഗൗകർ, നിംറോദ് കോഹൻ.
ഇന്ന് രാവിലെ മോചിതരായ ഏഴ് പേരിന് പിന്നാലെയാണ് ഇവരെയും വിട്ടയച്ചത്.
കരാറിന്റെ ഭാഗമായി ഇസ്രയേൽ 250 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നും അറിയിച്ചു. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന മറ്റു ആയിരക്കണക്കിന് തടവുകാരുടെ മോചനത്തിനായി പലസ്തീൻ വശവും പ്രതീക്ഷയിലാണ്. ഗാസയിലെ ക്ഷാമബാധിതർക്കുള്ള മനുഷ്യസഹായവും ഈ കരാറിന്റെ ഭാഗമായാണ് വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഈജിപ്തിൽ നടന്ന ചർച്ചകളിലാണ് ഇസ്രയേൽ, ഹമാസ്, ഖത്തർ, തുർക്കി തുടങ്ങിയ മധ്യസ്ഥരോടൊപ്പം യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടം അംഗീകരിച്ചത്. ഇതോടെയാണ് രണ്ട് വർഷം നീണ്ട യുദ്ധത്തിന് വിരാമം കുറിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
സമാധാനകരാറിന്റെ ഭാഗമായി ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിൽ നിന്ന് പിന്മാറി. അതിനുശേഷം ആയിരക്കണക്കിന് പലസ്തീനികൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. ഗാസ സിറ്റിയിലും തെക്കൻ ഗാസയിലും സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിൽ പട്രോളിങ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Tag: All 20 Hamas prisoners returned safely to Israel