സത്യപ്രതിജ്ഞാ ചടങ്ങ്: മുഖ്യമന്ത്രി നിരുത്തരവാദപരമായി പെരുമാറരുതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ വീട്ടുതടങ്കലിനു സമാനമായ ട്രിപ്പിള്‍ ലോക് ഡൗണിനെ ലംഘിച്ചു കൊണ്ട് സര്‍ക്കാരിന്റെ തന്നെ നേതൃത്വത്തില്‍ നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് സത്യപ്രതിജ്ഞയെന്ന ആശയത്തെ പരിഹാസ്യമാക്കുന്നതും നിരുത്തരവാദപരവുമാണന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
രോഗവ്യാപനം ഇത്ര രൂക്ഷമല്ലാത്ത റമദാന്‍ കാലത്തെ പ്രത്യേക പ്രാര്‍ഥനയ്ക്കും പെരുന്നാള്‍ നമസ്‌കാരത്തിനും പോലും ഇളവനുവദിക്കാത്ത മുഖ്യമന്ത്രിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ മനഃപ്രയാസത്തോടെ അംഗീകരിക്കേണ്ടി വന്നവരാണ് വലിയൊരു വിഭാഗം വിശ്വാസികള്‍.
കൊവിഡ് ബാധിച്ച് മരിച്ച ഉറ്റവരുടെ അടുത്തുപോവാനോ ഒരു നോക്കു കാണാനോ പോലും ഭാഗ്യം ലഭിക്കാതെ വ്രണിത ഹൃദയരായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായവരാണ് മലയാളികള്‍. അവരുടെ ആത്മാര്‍ഥതയെയും സഹകരണ മനോഭാവത്തെയും പുഛഭാവത്തില്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അഞ്ഞൂറ് ആളുകളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
ജനങ്ങളെ മാനിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യാതെയുള്ള പുതിയ അധികാരക്കയറ്റം അഭിശപ്തമായി മാറാതിരിക്കാനുള്ള പക്വത മുഖ്യമന്ത്രി കാണിക്കേണ്ടതുണ്ട്. ഐ എം എ യുടെ നിര്‍ദേശം സ്വീകരിച്ചും ജനാഭിപ്രായം മാനിച്ചും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിക്കൊണ്ട് മാതൃകയാവാനോ ബംഗാളില്‍ മമത ബാനര്‍ജി കാണിച്ചതു പോലെ ആളെണ്ണം നന്നേ ചുരുക്കിക്കൊണ്ട് ചടങ്ങ് പരിമിതപ്പെടുത്താനോ സര്‍ക്കാര്‍ തയാറാവണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രസിഡന്റ് ടി. അബ്ദുറഹ്‌മാന്‍ ബാഖവി, ഭാരവാഹികളായ വി. എം. ഫത്ഹുദ്ദീന്‍ റഷാദി, കെ. കെ. അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ് വി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, എം.ഇ. എം അശ്‌റഫ് മൗലവി, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി, ഹാഫിസ് നിഷാദ് റഷാദി, അബ്ദുല്‍ ഹാദി മൗലവി എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.