Latest NewsNationalSportsUncategorized

ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ തോൽവി; ചെന്നൈയ്ക്ക് 69 റൺസ് ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത്

മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 69 റൺസ് ജയം. ചെന്നൈ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടാനേ സാധിച്ചുള്ളൂ. ചെന്നൈക്കായി ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദി മാച്ച്‌. സീസണിൽ ബാംഗ്ലൂരിന്റെ ആദ്യ തോൽവിയാണിത്.

രവീന്ദ്ര ജഡേജയുടെ അവസാന ഓവർ വെടിക്കെട്ടിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് ദേവ്ദത്ത് പടിക്കൽ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ മൂന്ന് ഓവറിൽ നിന്ന് ടീം സ്കോർ 40ൽ നിൽക്കേ ക്യാപ്റ്റൻ വിരാട് കോഹ്ലി എട്ട് റൺസുമായി സാം കറന്റെ പന്തിൽ ധോണിക്ക് ക്യാച്ച്‌ നൽകി മടങ്ങിയതോടെ ബാംഗ്ലൂരിന്റെ വീഴ്ച ആരംഭിച്ചു. അഞ്ചാം ഓവറിൽ 15 പന്തിൽ 34 റൺസുമായി നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ദേവദത്തിനെ റെയ്നയുടെ കൈകളിൽ എത്തിച്ച താക്കൂർ മത്സരം ചെന്നൈക്ക് അനുകൂലമാക്കി. 4 ഫോറുകളും രണ്ടു സിക്സറുകളും അടങ്ങിയതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്.

പിന്നീട് വന്ന മാക്‌സ്‌വെൽ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും 15 പന്തിൽ 22 റൺസുമായി നിൽക്കെ ജഡേജ കുറ്റി തെറിപ്പിച്ചു. അടുത്ത പ്രതീക്ഷയായിരുന്ന ഡി വില്ലിയേഴ്സിന്റെയും കുറ്റി ജഡേജ എടുത്തു. നാല് റൺസ് മാത്രമായി ഡിവില്ലിയേഴ്സും മടങ്ങി. പിന്നീട് വന്നവരിൽ കൈൽ ജാമിസൺ (16) സിറാജ് (12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ബാംഗ്ലൂർ നിരയിലെ മറ്റുള്ളവർ എല്ലാം ഒറ്റ അക്ക റൺസിൽ പുറത്തായി.

ചെന്നൈക്കായി രവീന്ദ്ര ജഡേജ 4 ഓവറുകളിൽ 13 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോൾ നാലോവർ എറിഞ്ഞ ഇമ്രാൻ താഹിർ 16 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും, 4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ശാർദൂൽ താക്കൂർ ഒരു വിക്കറ്റും, സാം കറൺ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈക്ക് വേണ്ടി അവസാന ഓവറിൽ രവീന്ദ്ര ജഡേജ വെടിക്കെട്ടാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 37 റൺസാണ് ഹർഷാൽ പട്ടേലിന്റെ അവസാന ഓവറിൽ ജഡേജ അടിച്ചു കൂട്ടിയത്. ഇതോടെ ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി ജഡേജ. 2011ൽ കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് എതിരെ ആയിരുന്നു ക്രിസ് ഗെയ്‌ലിന്റെ നേട്ടം.

ചെന്നൈക്കായി ഓപ്പണിങ്ങിൽ ഇറങ്ങിയ ഋതുരാജ് ഗെയ്ക്‌വാദും ഡു പ്ലെസിസും ചേർന്ന് ചെന്നൈക്ക് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറിൽ 51 റൺസ് ചേർത്ത ഇരുവരും ആദ്യ വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 റൺസിൽ ഗെയ്ക്‌വാദ് ചാഹലിന് വിക്കറ്റ് നൽകി മടങ്ങി പിന്നീട് വന്ന റെയ്ന 24 റൺസിൽ ഹർഷാൽ പട്ടേലിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച്‌ മടങ്ങിയതിനു ശേഷവും ഒരു വശത്തു നിലയുറച്ച്‌ കളിച്ച ഡു പ്ലെസിസ് 41 പന്തിൽ 50 റൺസുമായി അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. പിന്നീട് ഹർഷാലിന്റെ പന്തിൽ തന്നെ വീണു.

അതിനു ശേഷം ഒരു സിക്‌സറും ഫോറും നേടി റായിഡു സ്കോറിങ് ഉയർത്താൻ ശ്രമിച്ചെങ്കിലും വീണു. പിന്നീട് സ്കോറിങ് ഉത്തരവാദിത്തം ഏറ്റെടുത്ത ജഡേജ പതിയെ ഇന്നിങ്‌സ് കെട്ടി പൊക്കി. ഒടുവിൽ അവസാന ഓവറിൽ ക്യാപ്റ്റൻ എം. എസ് ധോണിയെ കാഴ്ചക്കാരനാക്കി 37 റൺസ് അടിച്ചെടുത്തു. സീസണിൽ ബാംഗ്ലൂരിന്റെ സ്ട്രൈക്ക് ബോളറായി മാറിയ ഹർഷാൽ പട്ടേലിന് നേരെ ആയിരുന്നു ജഡേജയുടെ കടന്നാക്രമണം. അവസാന ഓവറിൽ നോബോളിലൂടെ ഒരു ബോൾ അധികം കിട്ടിയ ജഡേജ 5 സിക്സറുകളും, ഒരു ഫോറും, ഒരു ഡബിളും ഓവറിൽ നേടി. ആകെ 28 പന്തുകൾ നേരിട്ട ജഡേജ 68 റൺസും സ്വന്തമാക്കി.

ബാംഗ്ലൂരിനായി ഹർഷാൽ പട്ടേൽ മൂന്ന് വിക്കറ്റും യുസ്‌വേന്ദ്ര ചഹൽ ഒരു വിക്കറ്റും നേടി. പവർപ്ലേ ഓവറിൽ നന്നായി കളിച്ച ചെന്നൈയുടെ സ്കോറിങ്ങിന് മധ്യഓവറുകളിൽ മാറ്റം വരുത്താൻ ബാംഗ്ലൂർ ബോളർമാർക്ക് കഴിഞ്ഞിരുന്നു. ഒരു അവസരത്തിൽ ചെന്നൈ ഇന്നിങ്‌സ് 160ൽ അവസാനിക്കും എന്ന് തോന്നിയിടത് നിന്നായിരുന്നു ജഡേജയുടെ വെടിക്കെട്ട്.

ജയത്തോടെ അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയുമായി ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒരേ പോയിന്റുകളാണെങ്കിലും റൺ റേറ്റിലെ വ്യത്യാസത്തിൽ ബാംഗ്ലൂർ രണ്ടാമതായി.

റോയൽ ചലഞ്ചെഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. മൊയിൻ അലിക്കും ലുങ്കി എൻഗിഡിക്കും പകരം ഡ്വയിൻ ബ്രാവോയും ഇമ്രാൻ താഹിറും ടീമിലിടം നേടി. ബാംഗ്ലൂർ നിരയിലേക്ക് നവദീപ് സൈനിയും റിച്ചാഡ്സണും മടങ്ങിയെത്തി

ഐപിഎൽ 2021 സീസണിൽ മികച്ച ഫോമിൽ തുടരുന്ന രണ്ട് ടീമുകൾ. ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. തോൽവിയറിയാതെയാണ് ബാഗ്ലൂരിന്റെ തേരോട്ടമെങ്കൽ ചെന്നൈ പരാജയപ്പെട്ടത് ഒരു കളിയിൽ മാത്രമാണ്. പോയിന്റ് പട്ടികയിൽ കോഹ്ലിയും കൂട്ടരുമാണ് ഒന്നാമത്.

നായകൻ കോഹ്ലിയുടേയും ഓപ്പണർ ദേവദത്ത് പടിക്കലിന്റേയും സ്ഥിരതയില്ലായ്മയും മോശം ഫോമും മാത്രമായിരുന്നു ബാംഗ്ലൂരിന്റെ തലവേദന. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ പ്രശ്നങ്ങൾ പരിഹരിച്ചു. സെഞ്ചുറി നേടി പടിക്കൽ സീസണിൽ തന്റെ വരവറിയിച്ചു. അർദ്ധ സെഞ്ചുറിയുമായി കോഹ്ലിയും. പത്ത് വിക്കറ്റിന് രാജസ്ഥാനെ കീഴടക്കിയ ആത്മവിശ്വാസവും ബാംഗ്ലൂരിനുണ്ട്.

എബി ഡിവില്ലിയേഴ്സും ഗ്ലെൻ മാക്സ്വെല്ലും ചേരുന്ന മധ്യനിരയെപ്പറ്റി ആശങ്കപ്പെടാനില്ല. ഇരുവരും മിന്നും ഫോമിലാണ്. ഓസിസ് താരം സ്ഥിരതയോടെ കളിക്കുന്നു എന്നത് ഡിവില്ലിയേഴ്സിന്റെ ജോലി ഭാരം കുറയ്ക്കുന്നു. എല്ലാ സീസണിലും ആർസിബിയുടെ തോൽവികൾക്ക് കാരണം ബോളർമാരാണ് എന്നായിരുന്നു വിലയിരുത്തൽ. ഹർഷൽ പട്ടേലും മുഹമ്മദ് സിറാജും ചേർന്ന് പതിവ് തെറ്റിക്കുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. സിറാജിന്റെ വേരിയേഷനുകളെ പുകഴ്ത്തി മുൻതാരങ്ങളും രംഗത്തെത്തിയിരുന്നു.

മറുവശത്ത് ചെന്നൈ ബാംഗ്ലൂരിന്റെ അത്ര സന്തുലിതമല്ല. ബാറ്റിങ്ങിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ ഒരു താരത്തിനുമായിട്ടില്ല. ഫാഫ് ഡുപ്ലെസി, ഗെയ്ക്ക്വാദ്, സുരേഷ് റെയ്ന എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ തിളങ്ങിയ റെയ്ന പിന്നീട് മങ്ങിയ ഫോമിലാണ്. അവസാന ഓവറുകളിലെത്തി സ്കോറിങ്ങിന് വേഗം കൂട്ടാൻ നായകൻ ധോണിക്കുമാകുന്നില്ല എന്നതും തിരിച്ചടിയാണ്.

ബോളിങ്ങിലേക്ക് എത്തിയാൽ പവർപ്ലേയിൽ ദീപക് ചഹർ വിക്കറ്റ് വേട്ട തുടർന്നാൽ ചെന്നൈയ്ക്ക് ഗുണകരമാകും. എന്നാൽ ദീപക്ക് സ്ഥിരതയില്ലായ്മയെ മറികടക്കേണ്ടതുണ്ട്. ലുങ്കി എൻഗിഡിയുടെ മികവ് ധോണിക്ക് ആശ്വാസമാകും. മൂന്നാം പേസറായ സാം കറൺ മോശം ഫോമിലാണ്. കൊൽക്കത്തയ്ക്കെതിരെ കറൺ നാല് ഓവറിൽ 58 റൺസാണ് വഴങ്ങിയത്. ശാർദൂൽ ഠാക്കൂറും റൺസ് വിട്ടുകൊടുക്കുന്നതിൽ മോശമല്ല. സ്പിൻ നിരയിൽ ജഡേജ മാത്രമാണ് തുണയായുള്ളത്. താരത്തിന്റെ ഫീൽഡിങ് മികവും ചെന്നൈയുടെ വിജയങ്ങൾക്ക് നിർണായകമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button