സിദ്ദുവിന്റെ ഗാര്‍ഡ് തെറിപ്പിച്ച് അമരീന്ദര്‍: പാക് ബന്ധമെന്ന് ആരോപണം
അമൃത്‌സര്‍: പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയില്‍ രാഷ്ട്രീയത്തിലെ പുതിയ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ഗാര്‍ഡ് തെറിപ്പിച്ച് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നെഹ്‌റു കുടുംബം അപമാനിച്ചിറക്കിവിട്ട അമരീന്ദറിന്റെ വാക്കുകള്‍ ദേശീയതലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ നന്മയുടെ പേരില്‍ സിദ്ദു മുഖ്യമന്ത്രിയാകുന്നത് ഏതുവിധേനയും എതിര്‍ക്കുമെന്ന് അമരീന്ദര്‍ തറപ്പിച്ചു പറഞ്ഞു. വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദുവിനെതിരെ അമരീന്ദര്‍ രംഗത്തെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായും സിദ്ദുവിന് അടുത്തബന്ധമാണുള്ളത്. അങ്ങിനെയുള്ള സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന് അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാണിച്ചു.
ബിജെപിയിലൂടെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്‌ജ്യോത് സിംഗ് സിദ്ദു തന്റെ രാഷ്ട്രീയത്തിലെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. അബദ്ധജഡിലങ്ങളായ പ്രസ്താവനകളിലൂടെ എന്നും മാധ്യമങ്ങള്‍ക്ക് ഇഷ്ടതോഴനായ സിദ്ദു അധികാരത്തര്‍ക്കത്തിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയിലേക്ക് എന്ന പ്രതീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും അധികാരമോഹം സിദ്ദുവിനെ കോണ്‍ഗ്രസിലേക്കെത്തിച്ചു.
താന്‍ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെ പാക് ബന്ധങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് റിട്ട. ആര്‍മി ക്യാപ്റ്റനായ അമരീന്ദര്‍ സിംഗുമായി സിദ്ദു തുടക്കം മുതല്‍ തന്നെ ഉടക്കിലായിരുന്നു. പഞ്ചാബ് പിസിസിയെ തന്റെ കീഴിലാക്കാന്‍ അഹോരാത്രം ശ്രമിച്ച സിദ്ദു നെഹ്‌റു കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റി സംസ്ഥാന അധ്യക്ഷസ്ഥാനം കൈക്കലാക്കി. അമരീന്ദറിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് സോണിയ സിദ്ദുവിനെ പഞ്ചാബ് പിസിസി പ്രസിഡന്റാക്കിയത്.
സ്ഥാനലബ്ധിയോടെ സിദ്ദു അമരീന്ദറിനെ പുറത്താക്കാനുള്ള ചരടുവലി തുടങ്ങി. അതില്‍ വിജയിച്ച സിദ്ദു രാജ്യസ്‌നേഹിയായ അമരീന്ദറിനെ പുറത്താക്കി. താനറിയാതെയാണ് എംഎല്‍എമാരുടെ യോഗം ഹൈക്കമാന്‍ഡ് വിളിച്ചതെന്ന് അമരീന്ദര്‍ തുറന്നടിച്ചു. ഇത്തരത്തില്‍ അപമാനം സഹിച്ച് മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നത് തന്നെപ്പോലെ അഭിമാനികള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. അതിനാല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്ക്കുകയാണെന്നാണ് അമരീന്ദര്‍ പറഞ്ഞത്.