പണി മുടക്കി ആമസോണ്‍;നട്ടംതിരിഞ്ഞ് ഉപഭോക്താക്കള്‍
ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണില്‍ ബുക്ക് ചെയ്യാനാകുന്നില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനാലാണ് ബുക്കിംങ് നടത്താന്‍ സാധിക്കാത്തതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഓര്‍ഡറുകള്‍ നല്‍കാന്‍ ഉപയോക്താക്കള്‍ ശ്രമിച്ചെങ്കിലും ഉല്‍പന്ന വിശദാംശങ്ങളുടെ പേജിലേക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നു വരുന്നത്.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ ആമസോണിന്റെ സേവനങ്ങളും പലര്‍ക്കും ഉപയോഗപ്രദമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റ് ഔട്ടേജ് ട്രാക്കര്‍ ഡൗണ്‍ടെക്റ്ററിന്റെ റിപ്പോര്‍ട്ടനുസരിച്ച് തിങ്കളാഴ്ച രാവിലെ 7 മണിയോടെ ആമസോണിന്റെ ഓണ്‍ലൈന്‍ സ്റ്റോറിനു തകരാര്‍ സംഭവിച്ചിരിക്കുകയാണ്. ആമസോണിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലെ മിക്ക സര്‍വീസുകളും കുറച്ചു സമയത്തേക്ക് പണിമുടക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ ആമസോണില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. മേയിലും ആമസോണ്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. അന്ന് നിരവധി ഉപഭോക്താക്കളുടെ ബുക്കിങ്ങിനെ ബാധിച്ചിരുന്നു. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് പണിമുടക്കിയതോടെ യുഎസ് മേഖലയില്‍ നിരവധി വെബ്സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും ബാധിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തവണ ആമസോണ്‍ പണി മുടക്കിയതോടെ നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആമസോണ്‍ ഉപയോക്താക്കളില്‍ 65 ശതമാനം പേരും വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിടുണ്ട്. അതേസമയം 23 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യുന്നതിലും 12 ശതമാനം പേര്‍ക്ക് ചെക്ക് ഔട്ടിലുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് പ്രശ്‌നം പരിഹരിച്ചതായി ആമസോണ്‍ അറിയിച്ചു.