keralaKerala NewsLatest NewsUncategorized

അമീബിക് മസ്തിഷ്‌കജ്വരം; ആരോഗ്യരംഗത്ത് ഉയർന്ന ആശങ്ക ഉയരുന്നു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി (52) അമീബിക് മസ്തിഷ്‌കജ്വരബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചു. ഹൃദയ സംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങളും രോ​ഗിയ്ക്ക് ഉണ്ടായിരുന്നതായി മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. സജിത് കുമാർ അറിയിച്ചു. മൂന്ന് മാസം പ്രായമുള്ള ഒരു ശിശുവും രോഗബാധിതനായി മരണപ്പെട്ടിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന 10 രോഗികളിൽ രണ്ടുപേർ അതീവ ഗുരുതരാവസ്ഥയിലാണ്.

ആരോഗ്യവകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കിയിരിക്കെ, രണ്ട് മരണങ്ങൾ കൂടിയാണ് അടുത്തടുത്തായി സ്ഥിരീകരിക്കപ്പെട്ടത്. 52 കാരിയായ സ്ത്രീ ശനിയാഴ്ചയും, മൂന്ന് മാസം പ്രായമുള്ള ശിശു തിങ്കളാഴ്ച പുലർച്ചെയുമാണ് മരിച്ചത്. ‘ബ്രെയിൻ ഈറ്റിംഗ് അമീബ’ എന്നറിയപ്പെടുന്ന നെഗ്ലേരിയ ഫൗലേറി വിഭാഗത്തിലെ അമീബയാണ് രോഗത്തിന് കാരണമായത്. രോഗം തലച്ചോറിനെ അതിവേഗം ബാധിക്കുന്നതിനാലാണ് ​രോ​ഗം മരണത്തിലേക്ക് നയിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മറ്റൊരു ശിശു മരിച്ചതോടെ ആശങ്ക കൂടി. കുട്ടിയുടെ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ വീട്ടിലെ കിണറ്റിലെ വെള്ളത്തിലാണ് രോഗാണുവിനെ കണ്ടെത്തിയത്. കുടുംബത്തിലെ മറ്റാർക്കും രോഗലക്ഷണങ്ങളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അമീബിക് മസ്തിഷ്‌കജ്വരം എന്താണ്?

‘പ്രൈമറി അമീബിക് മെനിഞ്ചോ- എൻസഫലൈറ്റിസ്’ (PAM) എന്നറിയപ്പെടുന്ന അമീബിക് മസ്തിഷ്‌കജ്വരം, സാധാരണ മസ്തിഷ്‌കജ്വരങ്ങളിൽ നിന്ന് വ്യത്യസ്തമായി അതീവ ഗുരുതരവും മരണ സാധ്യത കൂടുതലുള്ളതുമാണ്. ചൂടുള്ള ജലാശയങ്ങളിൽ കാണപ്പെടുന്ന നെഗ്ലേരിയ ഫൗലേറി മൂക്കിലൂടെ ശരീരത്തിലേക്ക് കടന്നാണ് തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നത്.

അക്കാന്തമീബ, ബലമോത്തിയ തുടങ്ങിയ മറ്റ് അമീബകൾ ‘ഗ്രാനുലോമാറ്റസ് അമീബിക് മെനിഞ്ചൈറ്റിസ്’ ഉണ്ടാക്കുന്നു. രോഗം പിടിപെട്ടാൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും, എന്നാൽ മറ്റുതരത്തിലുള്ള അമീബിക് ജ്വരത്തിന് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കൂടുതൽ സമയം എടുക്കും.

രോഗം എങ്ങനെ പകരുന്നു?

അമീബ ഉള്ള വെള്ളത്തിൽ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെയാണ് രോഗാണു തലച്ചോറിലേക്ക് കടക്കുന്നത്.

മൂക്കിനും തലച്ചോറിനുമിടയിൽ ഉള്ള നേർത്ത അസ്ഥിപാളി (cribriform plate) വഴിയാണ് അമീബ പ്രവേശിക്കുന്നത്.

കുട്ടികളിൽ ഇത് കൂടുതൽ അപകടകരമാണ്, കാരണം അവരുടെ cribriform plate വളരെ നേർത്തതാണ്.

രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല.

ലക്ഷണങ്ങൾ

ശക്തമായ പനി

തലവേദന

ഛർദി

രോഗം മുന്നോട്ട് പോകുമ്പോൾ അപസ്മാരം, ബോധക്ഷയം, ഗുരുതരമായ നാഡീപ്രശ്നങ്ങൾ

പെട്ടെന്ന് ആരോഗ്യനില വഷളാകുന്നതിനാൽ, രോഗികൾ വെള്ളത്തിൽ മുങ്ങിക്കുളിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത് നിർണായകമാണ്.

പരിശോധനയും സ്ഥിരീകരണവും

നട്ടെല്ലിൽ നിന്നുള്ള സ്രവത്തിന്റെ wet mount പരിശോധന

പി.സി.ആർ പരിശോധനയിലൂടെ അന്തിമ സ്ഥിരീകരണം

പ്രാഥമിക ലക്ഷണങ്ങൾ ബാക്ടീരിയൽ മെനിഞ്ചൈറ്റിസിന് സമാനമായതിനാൽ, കൃത്യമായ പരിശോധന നിർബന്ധമാണ്.

കേരളത്തിലെ സ്ഥിതി

2016ലാണ് കേരളത്തിൽ ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ കേസുകൾ വിരളമായിരുന്നു. എന്നാൽ, 2024-ൽ ഇതിനകം ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആഗോളതാപനവും ഉയർന്ന താപനിലയും അമീബയുടെ വ്യാപനത്തിന് കാരണമാകാമെന്നാണ് വിദഗ്ധർ പറയുന്നത്. മലപ്പുറം ജില്ലയിലെ കുട്ടി കുളിച്ചതാണ് തടയണ നിർമ്മിച്ച പുഴയിൽ. ഇത്തരം നിലച്ച വെള്ളമാണ് ഏറ്റവും അപകടകരം.

പ്രതിരോധ മാർഗങ്ങൾ

ഒഴുക്ക് കുറഞ്ഞ, കെട്ടിനിൽക്കുന്ന ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കുക.

സ്വിമ്മിങ് പൂളുകൾ ക്ലോറിനേറ്റ് ചെയ്ത് സ്ഥിരപരിശോധന നടത്തുക.

ഗ്രാമങ്ങളിലെ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യുക.

മുങ്ങേണ്ടി വരുമെങ്കിൽ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

മുങ്ങിക്കുളിച്ചതിന് ശേഷം 14 ദിവസത്തിനുള്ളിൽ പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടുക.

ചികിത്സ

യു.എസ്. സി.ഡി.സി ശുപാർശ ചെയ്യുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്:

ആംഫോട്ടെറിസിൻ-ബി

ഫ്ലൂകോണസോൾ

അസിത്രോമൈസിന്‍

റിഫാംപിസിന്‍

മിൽട്ടിഫോസിന്‍

രോഗികൾക്ക് സാധാരണയായി ഐ.സി.യു. പരിചരണവും വെന്റിലേറ്റർ സഹായവും ആവശ്യമാകും.

സമയബന്ധിതമായി ചികിത്സ തുടങ്ങുന്ന രോഗികളിലാണ് ജീവൻ രക്ഷിക്കാൻ കഴിയുന്നത്.

പ്രതീക്ഷയുടെ കണിക

ലോകത്ത് 400-ലധികം രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ, വെറും എട്ട് പേരാണ് രോഗമുക്തി നേടിയത്. ഒമ്പതാമത്തെയാളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലൂടെ ജീവൻ തിരിച്ചുപിടിച്ച കുട്ടി. ലക്ഷണങ്ങൾ പ്രകടമായതിന് 24 മണിക്കൂറിനകം രോഗനിർണയം നടത്തിയും ചികിത്സ ആരംഭിച്ചതും, ജർമ്മനിയിൽ നിന്ന് എത്തിച്ച മിൽട്ടിഫോസിന്‍ നൽകാനും കഴിഞ്ഞതുമാണ് ജീവൻ രക്ഷിക്കാൻ കാരണമായത്.
അമീബിക് മസ്തിഷ്‌കജ്വരം അതീവ അപകടകരമായ രോഗമാണെങ്കിലും, വേഗത്തിലുള്ള രോഗനിർണയം, സമയബന്ധിതമായ ചികിത്സ, പൊതുജാഗ്രത എന്നിവയിലൂടെ അതിജീവിക്കാനാകുമെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button