ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം; വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ, വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. അപൂർവ്വമായ ഈ രോഗം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പ് തുടക്കത്തിൽ കണക്കുകൾ മറച്ചുവച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നതാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ഇന്നലെ പാലക്കാട് സ്വദേശിയായ 29 കാരനിൽ കൂടി രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. രണ്ട് മാസം മുൻപ് ക്ഷേത്രക്കുളത്തിൽ കുളിച്ചതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. ഇപ്പോൾ നാല് കുട്ടികൾ ഉൾപ്പെടെ 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയിപ്പ്.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് അമിതമായ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. “ജാഗ്രത വേണം, മാർഗനിർദേശങ്ങൾ പാലിക്കണം. രോഗികളെ തിരിച്ചറിയുന്നുണ്ട്, അതിലൂടെ കൃത്യമായ ചികിത്സ നൽകാനാകും. ഉറവിടം കണ്ടെത്താനാകുന്നില്ലെന്ന അവസ്ഥയില്ല, ഉറവിടങ്ങൾ വ്യക്തമായി തിരിച്ചറിയപ്പെടുന്നുണ്ട്,” എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
Tag: Amebic encephalitis raises concern; Opposition to raise the issue in the Assembly