അമീബിക് മസ്തിഷ്ക ജ്വരം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മകനാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി ചികിത്സയിൽ തുടരുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു, ഇന്നലെ രാത്രി നില ഗുരുതരമായതിനെ തുടർന്ന് മരിക്കുകയായിരുന്നു.
നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള രോഗികൾ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ എട്ട് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനവ്യാപകമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കാമ്പെയ്‌ൻ ആരംഭിച്ചു. വെള്ളത്തിലൂടെ പകരുന്ന രോഗമാണിത്. അതിനാൽ എല്ലാ കിണറുകളിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ ക്ലോറിനേഷൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Tag: Amebic encephalitis; Three-month-old baby dies