നികുതി നിരക്കുകളിൽ ഭേദഗതി; ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ചേരും
ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകളിൽ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ കുറിച്ച് തീരുമാനം കൈക്കൊള്ളാൻ ജിഎസ്ടി കൗൺസിൽ ഇന്ന് മുതൽ നാളെ വരെ ഡൽഹിയിൽ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം തുടങ്ങുന്നത്. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാരും പങ്കെടുക്കും.
നിലവിൽ പ്രാബല്യത്തിലുള്ള 5, 12, 18, 28 ശതമാനം ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി 5 ശതമാനവും 18 ശതമാനവും ഏകീകരിക്കണമെന്നതാണ് കേന്ദ്രത്തിന്റെ നിർദേശം. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.
സിമന്റ്, തുകൽ ഉൽപ്പന്നങ്ങൾ, ചെറിയ കാറുകൾ, പാക്കറ്റിലാക്കിയ ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യവും യോഗത്തിൽ ചർച്ചചെയ്യും. കൂടാതെ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയ്ക്ക് നികുതി ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗൺസിൽ എടുക്കും. ഈ നിർദേശങ്ങൾ ദീപാവലിക്ക് മുൻപായി നടപ്പാക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.
Tag: Amendments to tax rates; GST Council meeting to be held today and tomorrow