ഇന്ത്യ- അമേരിക്ക വ്യാപാര തർക്കം രൂക്ഷമായിരിക്കെ, പ്രധാനമന്ത്രി ഇന്ന് ജപ്പാനും ചൈനയും സന്ദർശിക്കാൻ യാത്രതിരിക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം രൂക്ഷമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാനും ചൈനയും സന്ദർശിക്കാൻ യാത്രതിരിക്കും. രാത്രി എട്ട് മണിക്കാണ് മോദി ജപ്പാനിലേക്ക് പോകുന്നത്. രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനത്തിൽ വ്യാപാര സഹകരണവും കയറ്റുമതി വർധനവും പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. തുടർന്ന്, ഞായറാഴ്ച മോദി ഷാങ്ഹായി സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലെത്തും.
അമേരിക്കയുമായി താരിഫ് പ്രശ്നം തീർക്കാൻ പ്രത്യേകം ചർച്ചകൾ നിലവിൽ തീരുമാനിച്ചിട്ടില്ലെങ്കിലും, പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളിൽ വിഷയം ഉയർന്നുവരുമെന്ന് ഉറപ്പാണ്. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ, റഷ്യ, ചൈന എന്നിവർ തമ്മിൽ യുഎസ് തീരുവയ്ക്കെതിരെ സംയുക്ത നീക്കങ്ങളെക്കുറിച്ചുള്ള ആലോചനകൾ നടക്കുമെന്നാണു വിലയിരുത്തൽ.
അതേസമയം, അമേരിക്കയുടെ തീരുവ നടപടി കേന്ദ്രസർക്കാർ ഗൗരവമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി വ്യവസായികളുമായി വാണിജ്യ മന്ത്രാലയം ചർച്ചകൾ തുടരുന്നു. യുഎസിൽ നിന്നു മാറി 40-ഓളം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകൾ അന്വേഷിക്കുന്നതായും മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ഷിംഗ്ള വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഒക്ടോബറോടെ യാഥാർത്ഥ്യമാക്കാൻ ഇന്ത്യ ശ്രമിക്കുന്നു.
ട്രംപിന്റെ അധിക തീരുവ ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെ ബാധിക്കാമെന്ന ആശങ്കയിലാണ് കേന്ദ്രസർക്കാർ. ടെക്സ്റ്റൈൽസ്, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാകുമെന്ന് വിലയിരുത്തൽ. ബാധിത മേഖലകൾക്ക് കേന്ദ്രസർക്കാർ സഹായപദ്ധതികൾ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതോടെ മൊത്തം തീരുവ 50 ശതമാനമായി. ആദ്യം, റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയത് റഷ്യയുടെ സാമ്പത്തിക ശക്തി വർധിപ്പിക്കുന്നുവെന്നും, അത് അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് നടപടി വിശദീകരിച്ചത്.
എന്നാൽ ഇന്ന്, അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസൻറ് കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. തീരുവ റഷ്യൻ എണ്ണ കാരണത്താൽ മാത്രമല്ല, ഇന്ത്യ വ്യാപാര കരാർ അനാവശ്യമായി നീട്ടിയതും പ്രധാന കാരണമാണ് എന്ന് അദ്ദേഹം പറഞ്ഞു. മേയിൽ ഒപ്പിടുമെന്നു പ്രതീക്ഷിച്ച കരാർ ഇപ്പോഴും അന്തിമമാകാത്തത്, ഇന്ത്യ ചില വിഷയങ്ങളിൽ കടുംപിടുത്തം കാണിക്കുന്നതിനാലാണെന്നും സ്കോട്ട് ബസൻറ് ആരോപിച്ചു.
Tag: Amid escalating India-US trade dispute, PM to visit Japan and China today