”പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനെ തുടർന്ന്”; മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര അക്കാദമി അധ്യക്ഷൻ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനെ തുടർന്നാണെന്നും, യാതൊരു തർക്കങ്ങളുടേയും അടിസ്ഥാനത്തിലല്ല ഈ തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി. “അറിയിപ്പ് നൽകിയിട്ടുണ്ടാകുമെന്ന് കരുതുന്നു. പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു,” എന്നും മന്ത്രി പറഞ്ഞു.
പ്രേംകുമാർ എപ്പോഴും ഇടതുപക്ഷ സഹയാത്രികനാണെന്നും, അദ്ദേഹത്തിന് അർഹമായ എല്ലാ പരിഗണനയും സർക്കാർ നൽകിയിട്ടുണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. “അക്കാദമിയുടെ ഭാഗത്ത് നിന്നും അറിയിപ്പ് നൽകിയിട്ടുണ്ടാകുമെന്നു കരുതുന്നു; സർക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല,” എന്നും മന്ത്രി വ്യക്തമാക്കി.
ആശാ സമരത്തെ പ്രകീർത്തിച്ചതിനാലാണ് പ്രേംകുമാറിനെ മാറ്റിയതെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “പ്രേംകുമാർ ഇടതുപക്ഷ വിരുദ്ധമായി ഒരിക്കലും പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തോട് കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തു. അദ്ദേഹം മികച്ച സേവനം നൽകി; സർക്കാരും അദ്ദേഹത്തിന് അർഹമായ അവസരം നൽകി,” എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചലച്ചിത്രമേളയുടെ വിജയത്തിൽ സംഘാടക മികവ് ഒരാളുടേത് മാത്രമല്ലെന്നും, അത് മുഴുവൻ സംഘത്തിന്റേതാണെന്നും സജി ചെറിയാൻ വ്യക്തമാക്കി. ചലച്ചിത്ര പുരസ്കാരങ്ങളെക്കുറിച്ച് പ്രതികരിച്ച മന്ത്രി, “കല്ലുകടിയോ വിവാദങ്ങളോ ഇല്ലാതെ അർഹരായവർക്ക് മാത്രമേ പുരസ്കാരം ലഭിക്കൂ; കഴിഞ്ഞ നാല് വർഷവും അതുപോലെ തന്നെയാണ് നൽകിയിട്ടുള്ളത്,” എന്നും വ്യക്തമാക്കി.
Tag: Premkumar was transferred after his term expired Minister Saji Cherian



