അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍ അവതരിപ്പിച്ച് അമിത് ഷാ; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
അഞ്ച് വർഷം മുതൽ അതിലധികം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം തടവിൽ കഴിയുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുക എന്ന വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.
ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. “ഇത് പ്രതിപക്ഷത്തിനെ ലക്ഷ്യം വച്ച നീക്കമാണ്” എന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. “ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് ശ്രമം. ധാർമികതയാണ് വിഷയം എങ്കിൽ അമിത് ഷാ എങ്ങനെ ആഭ്യന്തരമന്ത്രി?” എന്നും അദ്ദേഹം ചോദ്യമുയർത്തി.
സമാജവാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവ്, എൻ.കെ. പ്രേമചന്ദ്രൻ, അസദുദ്ദീൻ ഒവൈസി, മനീഷ് തിവാരി എന്നിവർ ബില്ലിനെതിരെ രംഗത്തെത്തി. “തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് നീക്കം” എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ അമിത് ഷാ, ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (JPC) വിടാമെന്ന് അറിയിച്ചു. തുടർന്ന് ലോക്‌സഭ ബഹളത്തിനിടെ മൂന്ന് മണിവരെ പിരിഞ്ഞു.
130-ാം ഭരണഘടനാ ഭേദഗതി ബിൽ, കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബിൽ, ജമ്മു-കശ്മീർ പുനഃസംഘടനാ ബിൽ എന്നിവയും അമിത് ഷാ സഭയിൽ അവതരിപ്പിച്ചു. കൂടാതെ, ഓൺലൈൻ ഗെയിമിങ് ആപ്പുകൾ നിയന്ത്രിക്കുന്നതിനുള്ള ബിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും അവതരിപ്പിച്ചു. വോട്ടുകൊള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബില്ലുകൾ കൊണ്ടുവന്നത് എന്ന് കോൺഗ്രസ് ആരോപിച്ചു.
Tag: Amit Shah introduces bill to remove arrested ministers; Opposition strongly protests